കണ്ണൂര്‍: ഫെയ്സ്ബുക് കെണിയില്‍ വീഴ്ത്തി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ സെക്സ് റാക്കറ്റില്‍ കുടുക്കി പല സ്ഥലങ്ങളില്‍ വെച്ചു പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രാദേശിക നേതാവടക്കമുള്ളവര്‍ക്ക് സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുമായുള്ള ബന്ധം പുറത്തുവന്നു.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയടക്കം എട്ടുപേര്‍ കൂടി അറസ്റ്റിലായിരിക്കുകയാണ്. ഡിവൈഎഫ്ഐ ആന്തൂര്‍ മേഖലാ പിരിധിയിലെ തളിയില്‍ യൂണിറ്റ് സെക്രട്ടറി ഉറുമി നിഖില്‍(20), കുഴിച്ചാല്‍ മീത്തല്‍ മൃദുല്‍(26), വടക്കാഞ്ചേരി ഉഷസ്സില്‍ വൈശാഖ്(22), തോട്ടത്തില്‍ ജിതിന് എന്ന ജിത്തു(28), തളിയില്‍ കണ്ടന്‍ചിറ ശ്യാംമോഹന് (25), കെ.സജീന് (30), മുഴപ്പിലങ്ങാട് ശരത്ത് (30), എന്നിവരും പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.15 കേസുകളിലായി 19 പ്രതികളാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വീടുകളിലും ലോഡ്ജിലും എത്തിച്ചായിരുന്നു പീഡനം.
രണ്ടുവര്‍ഷം മുന്‍പു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് അടുത്ത ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇന്നലെ മൂന്നുപേരെ വളപട്ടണം പൊലീസും രണ്ടുപേരെ വീതം തളിപ്പറമ്പ് പൊലീസും പഴയങ്ങാടി പൊലീസും ഒരാളെ എടക്കാട് പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
കേസില്‍ മാട്ടൂല്‍ ജസീന്ത സ്വദേശി കെ.വി.സന്ദീപ്(31), കുറുമാത്തൂര്‍ ചാണ്ടിക്കരി സ്വദേശിയും നടുവിലില്‍ താമസക്കാരനുമായ ഇ.പി.ഷംസുദ്ദീന്(32), നടുവില്‍ സ്വദേശി കിഴക്കെപ്പറമ്പില്‍ അയൂബ്(32), ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി വി സി.ഷബീര്‍(36), പറശ്ശിനിക്കടവിലെ പറശ്ശിനി പാര്‍ക്ക് മാനേജര്‍ പവിത്രന്(38)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യ നാലുപേരെ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലും പവിത്രനെ ലോഡ്ജില്‍ സൗകര്യം ഒരുക്കിയതിനുമാണ് അറസ്റ്റു ചെയ്തത്.
അടുത്ത ബന്ധുവാണ് ആദ്യമായി പീഡിപ്പിച്ചതെന്നും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ മൃദുല്‍, അഞ്ജനയെന്ന പേരില്‍ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടെടുത്താണ് പെണ്‍കുട്ടിയെ ചതിയില്‍ വീഴ്ത്തിയത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിച്ച് സഹോദരനില്‍നിന്ന് പണം തട്ടാന്‍ പ്രതികള്‍ ശ്രമിച്ചതോടെയാണു പീഡനവിവരം പുറത്ത് വന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണു സൂചന.
അറസ്റ്റിലായവരില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരാണ്. മാത്രമല്ല സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനുള്പ്പെടെയുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്. അറസ്റ്റിലായ സന്ദീപ് പി ജയരാജനെ വാഹനത്തിലിരുത്തി ഡ്രൈവ് ചെയ്യുന്നത് സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.ഡിവൈഎഫ്ഐ നേതാവായ നിഖിലാകട്ടെ സി പി എമ്മിന്റെ പാര്‍ട്ടി ഗ്രാമമായ ആന്തൂരില്‍ എല്ലാ ഗുണ്ടായിസങ്ങള്‍ക്കും നേതൃത്വം നല്‍കുന്നയാളാണ്. സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കെണിയില്‍ വീഴ്ത്തി പീഡിപ്പിച്ചവരില്‍ ഭൂരിപക്ഷവും ഇവരുടെ സുഹൃത്തുക്കളായ ഡിവൈഎഫ്ഐക്കാരാണ്.
പതിനാറുകാരിയെ കുരുക്കാന്‍ അറസ്റ്റിലായ മൃദുല്‍ ഉപയോഗിച്ചത് അഞ്ജന എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് ഡി.വൈ.എസ്പി കെ വേണുഗോപാല്‍ നടത്തിയ അന്വേഷണത്തിലാണ് ഫെയ്സ് ബുക്ക് പ്രൊഫൈല്‍ ആരുടേതെന്ന് വ്യക്തമായത്. മൃദുലിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അഞ്ജന എന്ന പേരിലുള്ള പ്രൊഫൈല്‍ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃദുലിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അഞ്ജന എന്ന പേരില്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത് മൃദുലാണെന്ന് കണ്ടെത്തുന്നത്.
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്നെണ്ണം കൂട്ട ബലാല്‍സംഗത്തിനും ഒമ്പതെണ്ണം ബലാല്‍സംഗത്തിനും മൂന്നെണ്ണം ലൈംഗിക പീഡനത്തിനുമാണ്. ഡിവൈഎഫ്ഐ നേതാവ് അടക്കമുള്ളവര്‍ കേസില്‍ പ്രതികളായതോടെ വലിയ സമ്മര്‍ദ്ദം പൊലീസിലുണ്ടായിരുന്നു. കേസൊതുക്കാന്‍ നീക്കമുണ്ടായതോടെ കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം തളിപ്പറമ്പ് പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. സി പി എം ഉന്നത നേതാക്കളുടെ നീക്കങ്ങള്‍ പാളിപ്പോകാന്‍ ഇതു കാരണമായി.