തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ യുഡിഫ് സ്ഥാനാർത്ഥിയാവും. എഐസിസിയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ചയ്ക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ബുധനാഴ്ച മുതല്‍ ചാണ്ടി ഉമ്മന്‍ പ്രചാരണരംഗത്ത് ഉണ്ടാവും. കേരളത്തില്‍ വെറുപ്പിന്‍റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി സ്‌നേഹത്തിന്‍റെ നീരുറവ ഉണ്ടാക്കിയെടുക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന്‍റെ തുടക്കമായിരിക്കും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പെന്നും പ്രചരണത്തിനായി വലിയൊരു ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
അത്യന്തം വികാരപരമായ തെരഞ്ഞെടുപ്പാണിത്. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ചാണ്ടി ഉമ്മനല്ലാതെ മറ്റൊരു സ്ഥാനാര്‍ത്ഥിയില്ലെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.
അതേസമയം പാര്‍ട്ടി ഏല്‍പിച്ചത് വലിയ ഉത്തരവാദിത്വമെന്ന് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ വികസനവും സംസ്ഥാന സർക്കാറിന്‍റെ വിലയിരുത്തലും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഔട്ട്റീച്ച് സെൽ ചെയർമാനും കെപിസിസി അംഗവുമാണ് ചാണ്ടി ഉമ്മൻ.