വയനാട്: മുട്ടിൽ മരം മുറിക്കേസിൽ പ്രതികൾക്കെതിരായ കുരുക്കു മുറുകുന്നു. ഭൂവുടമകളുടെ പേരിൽ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകൾ വ്യാജമെന്ന് തെളിയിക്കുന്ന ഫോറൻസിക് പരിശോധന ഫലം പുറത്ത് വന്നു. അപേക്ഷ എഴുതി തയാറാക്കി ഒപ്പിട്ടു നൽകിയത് മരം മുറി കേസിലെ പ്രതി റോജി അഗസ്റ്റിനാണെന്നാണ് കൈയക്ഷര പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞദിവസം പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലവും പ്രതികൾക്കെതിരായിരുന്നു.
ആദിവാസികളുടെയും ചെറുകിട ഭൂവുടമകളുടെയും പേരിൽ വില്ലേജ് ഓഫീസിൽ സമർപ്പിച്ച 7 അപേക്ഷകൾ പ്രതിയായ റോജി അഗസ്റ്റിൻ വ്യാജമായി നിർമ്മിച്ചതാണ് എന്നാണ് ഫോറൻസിക് പരിശോധനാ ഫലം. പ്രതികളുടെ ഉൾപ്പെടെ 65 ഉടമകളുടെ ഭൂമിയിൽ നിന്നാണ് 104 മരങ്ങൾ മുറിച്ചത്. 300 വർഷത്തിൽ കൂടുതൽ പഴക്കമുള്ള സംരക്ഷിത മരങ്ങൾ അടക്കമാണ് മുറിച്ചുമാറ്റിയതെന്ന് വ്യക്തമാക്കുന്ന ഡിഎൻഎ പരിശോധനാ ഫലവും നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ കേസിൽ പോലീസിന്റെ കുറ്റപത്രം ഉടൻ സമർപ്പിക്കും.
ഭൂപരിഷ്കരണ നിയമത്തിനുശേഷം പട്ടയഭൂമിയിൽ ഉടമകൾ നട്ടുവളർത്തിയതും സ്വയം പൊട്ടിമുളച്ചതുമായ മരങ്ങൾ ഉടമകൾക്ക് മുറിച്ച് മാറ്റാൻ അനുവാദം നൽകുന്ന സർക്കാർ ഉത്തരവിന്റെ മറവിലായിരുന്നു വയനാട്ടിലെ വൻ മരംകൊള്ള. റോജി അഗസ്റ്റിൻ, ആന്റോ ആഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ഇവരുടെ സഹായികളും ഭൂഉടമകളും റെവന്യൂ ഉദ്യോഗസ്ഥരും ഉൾപ്പെടെ 13 പേർക്കെതിരായ കേസിൽ താനൂർ ഡിവൈഎസ്പി വി.വി ബെന്നിയാണ് അന്വേഷണം നടത്തുന്നത്. മരംമുറിക്കേസിൽ പ്രത്യേക സംഘം അന്വേഷിക്കുന്ന 19 കേസുകളിലെ ഏഴ് എണ്ണത്തില്‍ ഇതിനകം കുറ്റപത്രം നൽകി. ഏറ്റവും വലിയ തട്ടിപ്പ് നടത്തിയ മുട്ടിൽ മരംമുറിയിലാണ് ഇനി കുറ്റപത്രം സമർപ്പിക്കേണ്ടത്.