കൈതോലപ്പായയിലെ പണംകടത്ത്; കേസെടുക്കാതെ തേച്ചുമായിച്ച് കളയാന്‍ പോലീസ് നീക്കം: രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, June 28, 2023

 

തിരുവനന്തപുരം: ജി ശക്തിധരൻ ഉന്നയിച്ച ആരോപണത്തിൽ ഗവൺമെന്‍റും പോലീസും കള്ളക്കളി തുടരുന്നതായിമുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പേരിൽ ആരോപണം ഉയർന്ന സാഹചര്യത്തിൽ കേസ് തേച്ചു മായിച്ചു കളയാൻ പോലീസ് നീക്കം നടത്തുകയാണ്. ഇതിനാണ് എഡിജിപിക്ക് ബെന്നി ബഹനാന്‍റെ പരാതി കൈമാറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ടിന്‍റെ മറ്റൊരു ഉദാഹരണമാണ് ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികൾ പരാതി ലഭിച്ചാലേ അന്വേഷിക്കു എന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രസ്താവന സൂചിപ്പിക്കുന്നത് എന്നദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൗനം ഏകാധിപത്യ ശൈലിയാണെന്നും മാധ്യമങ്ങളെ കാണാതെയും പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടി പറയാതെയും മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു. കൈതോലപ്പായയില്‍ പണം കൊണ്ടുപോയെന്ന ജി ശക്തിധരന്‍റെ ഗുരുതരമായ ആരോപണത്തിൽ എഫ്ഐആർ ഇട്ട് കേസ് എടുക്കാതെ അട്ടിമറിക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് പ്രതിപക്ഷത്തിന്‍റെ വായ് മൂടി കെട്ടാമെന്ന് സിപിഎമ്മും സർക്കാരും കരുതേണ്ടെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.