തിരുവനന്തപുരം: സംസ്ഥാനത്ത് പ്രണയപ്പകയിൽ വീണ്ടും കൊലപാതകം. തിരുവനന്തപുരം വര്‍ക്കലയില്‍
മകളുടെ വിവാഹ തലേന്ന് വധുവിന്‍റെ പിതാവ് ദാരുണമായി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്മാർ ഉൾപ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മകളുടെ വിവാഹ തലേന്ന് വര്‍ക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്’.
ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെടുന്നത്. നേരത്തെ വിദേശത്തായിരുന്ന രാജു മടങ്ങിവന്ന ശേഷം ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കോണം സ്വദേശിയായ ജിഷ്ണു, ജിജിന്‍, ശ്യാം, മനു എന്നിവരാണ്പോലീസിന്‍റെ പിടിയിലായത്.
ഇന്നലെ അർധരാത്രിയാണ് പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണു, സഹോദരന്‍ ജിജിന്‍ എന്നിവർ ഉള്‍പ്പെടെയുള്ള സംഘം വിവാഹ വീട്ടിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചത്. കുട്ടിയുടെ പിതാവ് ഇവരെ തടഞ്ഞതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേക്ക് നീങ്ങി. പ്രതികൾ മണ്‍വെട്ടി കൊണ്ട് രാജുവിനെ അടിക്കുകയും വെട്ടുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. അക്രമത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
വധുവായ ശ്രീലക്ഷ്മിയും ജിഷ്ണുവും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. എന്നാല്‍ പിന്നീട് ഈ അടുപ്പം പെണ്‍കുട്ടി അവസാനിപ്പിച്ചിരുന്നു. പ്രണയപ്പകയിലാണ് ജിഷ്ണുവും സഹോദരനും സംഘവും പെൺകുട്ടിയുടെ വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.