കൊച്ചി: ഭരണതലത്തിലെ ഉന്നതൻ ഭീമമായ തുക കൈകൂലി വാങ്ങി കൈതോല പായയിൽ പൊതിഞ്ഞ് കൊണ്ടുപോയെന്ന ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഉടൻ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി ഉടൻ രേഖപെടുത്തണമെന്നും ബെന്നി ബഹനാൻ എം.പി. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ശക്തിധരന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു. രണ്ട് കോടി മുപ്പത്തയ്യായിരം രൂപ എറണാകുളത്ത് നിന്ന് കൈതോല പായയിൽ പൊതിഞ്ഞ് രാത്രിയിൽ ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ട് കൊണ്ട് പോയെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണ്. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിലുണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽ വച്ച് പത്ത് ലക്ഷം രൂപയുടെ രണ്ടു കെട്ടുകൾ ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിട്ടുണ്ട്. മുൻ എം എൽ എ മാരും ഇപ്പോഴത്തെ മന്ത്രിയും അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ഇതിൽ പങ്കാളികളാണെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. രണ്ടു വെളിപ്പെടുത്തലുകളും ശക്തിധരന്റെ മൊഴി എടുക്കണം. ഇല്ലങ്കിൽ ഇതിൽ ഉൾപ്പെട്ടവരുടെ പേരുകൾ പുറത്തു വിടാൻ മറ്റു വഴികൾ തേടുമെന്നും ബെന്നി ബഹനാൻ മുന്നറിയിപ്പ് നൽകി.