തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയില്‍ വരുമ്പോള്‍ തള്ളിപ്പോകുമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. പിണറായി വിജയനും എം.വി ഗോവിന്ദനും കഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ദർശൻ സമിതി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ സദസിൽ മുൻ കെപിസിസി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ഗാന്ധിയൻ അവാർഡ് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പോലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പോലീസല്ല, കോടതിയാണ്. കേസ് പോലീസിന്‍റെ ഭാഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കും. പോലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് തിടുക്കപ്പെട്ട് കേസെടുക്കാന്‍ പോയ ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരും, ദുഃഖിക്കേണ്ടിവരും” – എ.കെ ആന്‍റണി പറഞ്ഞു.