ന്യൂഡല്‍ഹി: മണിപ്പൂരില്‍ കലാപം തുടരുമ്പോഴും മൗനം തുടരുന്ന പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. മണിപ്പൂരില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാന്‍ പ്രധാനമന്ത്രി സമയം അനുവദിക്കുന്നില്ല. വിഷയത്തില്‍ പ്രധാനമന്ത്രിയും ബിജെപിയും തുടരുന്ന നിസംഗത പ്രശ്നം പരിഹരിക്കാനല്ല, നീട്ടിക്കൊണ്ടുപോകാനാണ് താല്‍പര്യം എന്നതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കലാപത്തില്‍ നൂറുകണക്കിനാളുകൾ മരിക്കുകയും ആയിരങ്ങൾ ഭവനരഹിതരാവുകയും ചെയ്തു. എണ്ണമറ്റ പള്ളികളും ആരാധനാലയങ്ങളും നശിപ്പിക്കപ്പെട്ടു. പ്രശ്നത്തിന് പരിഹാരം കാണേണ്ട ബിജെപി ഭരണകൂടം അവിടെ നടക്കുന്ന കലാപത്തിന്‍റെ ഭാഗമാകുകയാണ് ചെയ്യുന്നതെന്ന് കെ.സി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. കഴിഞ്ഞ 50 ദിവസമായി മണിപ്പൂരില്‍ കലാപം കത്തിപ്പടരുമ്പോള്‍ ഒരക്ഷരം മിണ്ടാതെ പ്രധാനമന്ത്രി മോദിക്ക് വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ കഴിയുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ നിലപാട് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും അക്രമം മിസോറാമിലേക്കും വ്യാപിക്കുന്ന സ്ഥിതിയാണെന്നും കെ.സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
മണിപ്പൂർ കി ബാത്ത് കേള്‍ക്കാനും സമാധാനത്തിന് ആഹ്വാനം ചെയ്ത് രാജ്യത്തോട് സംസാരിക്കാനും ‘സ്വയം പ്രഖ്യാപിത വിശ്വഗുരു’ തയാറാകുമോ എന്ന് കെ.സി വേണുഗോപാല്‍ എംപി ചോദിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രിയോടും മണിപ്പൂർ മുഖ്യമന്ത്രിയോടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടുമോ എന്നും അദ്ദേഹം ട്വിറ്റർ പോസ്റ്റില്‍ ചോദിച്ചു.