തനിക്കെതിരെ അടിസ്ഥാനരഹിതമായ പരാമർശങ്ങള്‍ നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കടുത്ത ഭാഷയില്‍ മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. തലച്ചോറില്‍ അശ്ലീലം നിറച്ച തനി ‘ദേശാഭിമാനി’ ലേഖകനായി ഗോവിന്ദന്‍ തരംതാഴുമെന്ന് കരുതിയില്ല. പോലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുതെന്നും ഗോവിന്ദനുള്ള മറുപടിയായി കെപിസിസി പ്രസിഡന്‍റ് ഫേസ്ബുക്കില്‍ കുറിച്ചു.
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:
സിപിഎമ്മിന്റെ ‘അശ്ലീല’ സെക്രട്ടറിയോടാണ്..
ഇരിക്കുന്ന സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാണിക്കണമെന്ന് താങ്കളോട് പറയണമെന്നുണ്ട്. പക്ഷേ ഒന്നോർത്താൽ ആ സ്ഥാനത്തിന്റെ നിലവാരം തന്നെയാണ് താങ്കൾ ഇപ്പോൾ കാണിക്കുന്നതും!
ആന്തൂരിലെ സാജനെ ‘കൊന്ന’ ശേഷം, അയാളുടെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച ശ്യാമളയുടെ ഭർത്താവിനോട് ‘മാന്യത’ കാണിക്കണമെന്ന് പറയുന്നത് ഒരല്പം കടന്ന കൈയ്യാണ്. എന്നാലും…. ഞരമ്പ് രോഗികളായ കമ്മ്യൂണിസ്റ്റ് അടിമകൾ മാത്രമല്ല, ‘മാന്യമായി’ ജീവിക്കുന്ന ബാക്കിയുള്ള ജനങ്ങളും താങ്കളെ കേൾക്കുന്നുണ്ടെന്ന് വെറുതെയെങ്കിലുമൊക്കെ ഓർക്കുക.
തലച്ചോറിൽ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കൾ അധഃപതിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നില്ല. എന്താണ് ഗോവിന്ദൻ? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കാൻ നിങ്ങൾക്കും സിപിഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
നാട്ടിലെ മുഴുവൻ മാധ്യമങ്ങളെയും വിരട്ടി, ജനങ്ങളുടെ മുന്നിലൊരു കോമാളി പരിവേഷത്തിൽ സ്വയം നിൽക്കുമ്പോൾ, ഇത്ര വേഗം അടുത്ത വിഡ്ഢിത്തവുമായി ഇറങ്ങണമായിരുന്നോ? വിദൂഷക വേഷത്തിൽ കൺവീനർ സ്ഥാനത്തിരിക്കുന്ന ആളോട് മത്സരിക്കാനാണോ പാർട്ടി സെക്രട്ടറിയായി താങ്കളെ നിയമിച്ചിരിക്കുന്നതെന്ന് കേരളം സംശയിക്കുന്നുണ്ട്.
പോലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാൽ ഉടൻ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലിൽ വീഴുന്നൊരു പിണറായി വിജയനെ താങ്കൾക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാൻ വരരുത്, ഗോവിന്ദൻ.