തിരുവനന്തപുരം: പ്രശസ്ത നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മകളുടെ വീടായ മറയൂരില്‍ വെച്ച് വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നാടക രംഗത്തിലൂടെയാണ് പൂജപ്പുര രവി സിനിമയിലേക്ക് എത്തുന്നത്.
നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചു. ഹാസ്യ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച താരത്തിന്‍റെ ആദ്യ ചിത്രം വേലുത്തമ്പിദളവ. എന്നാല്‍ അമ്മിണി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ പൂജപ്പുര രവി എന്ന താരത്തെ കൂടുതല്‍ തിരിച്ചറിയുന്നത്.
ഹാസ്യനടനായും സ്വഭാവനടനായും ദീര്‍ഘകാലം മലയാളസിനിമയില്‍ അഭിനയിച്ചു. കള്ളന്‍ കപ്പലില്‍തന്നെ, റൗഡി രാമു, ഓര്‍മകള്‍ മരിക്കുമോ?, അമ്മിണി അമ്മാവന്‍, മുത്താരംകുന്ന് പിഒ, പൂച്ചയ്‌ക്കൊരു മൂക്കുത്തി, ലൗ ഇന്‍ സിംഗപ്പൂര്‍, ആനയ്‌ക്കൊരുമ്മ, നന്ദി വീണ്ടും വരിക, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, കടത്തനാടന്‍ അമ്പാടി, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
എം.രവീന്ദ്രന്‍ നായരെന്നാണ് യഥാര്‍ഥ പേര്. നാടക നടന്‍ ആയിരിക്കെ കലാനിലയം കൃഷ്ണന്‍ നായരാണ് അദ്ദേഹത്തിന്റെ പേര് മാറ്റിയത്. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായതിനാലും നാടകമേഖലയില്‍ ധാരാളം രവിമാര്‍ ഉള്ളതിനാല്‍ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേര്‍ക്കുകയായിരുന്നു . ഭാര്യ പരേതയായ തങ്കമ്മ കലാനിലയത്തില്‍ നടി ആയിരുന്നു. മക്കള്‍ ലക്ഷ്മി, ഹരികുമാര്‍.
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വര്‍ഷങ്ങളോളമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ആറ് മാസം മുന്‍പാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്.