ജവാന്‍ മദ്യത്തിന്‍റെ ഉത്പാദനം കൂട്ടുന്നു; അര ലിറ്റർ ബോട്ടിലും പ്രീമിയവും ആലോചനയില്‍

Friday, June 16, 2023

 

തിരുവനന്തപുരം: ജവാൻ മദ്യത്തിന്‍റെ ഉൽപ്പാദനം അടുത്തയാഴ്ച മുതല്‍ വർധിപ്പിക്കാന്‍ തീരുമാനം. ബുധനാഴ്ച മുതൽ 12,000 കെയ്സ് മദ്യം പ്രതിദിനം ഉൽപ്പാദിപ്പിക്കാനാണ് നീക്കം. അനുമതി തേടി ജവാൻ റമ്മിന്‍റെ നിർമാതാക്കളായ തിരുവല്ല ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിന് കത്തു നൽകി.

നിലവില്‍ 8000 കെയ്സ് മദ്യമാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. ഇത് 12,000 ആക്കാനാണ് ആലോചന. ഉൽപ്പാദന ലൈനുകളുടെ എണ്ണം നാലിൽനിന്ന് ആറാക്കി ഉയർത്തിയതോടെയാണ് ഇത് സാധ്യമാകുന്നത്. മദ്യം നിർമ്മിക്കുന്നതിനാവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ (ENA) സംഭരണം നിലവിലെ 20 ലക്ഷം ലിറ്ററിൽനിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയർത്താൻ അനുമതി തേടി ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസ് ലിമിറ്റഡ് സർക്കാരിന് കത്തു നൽകിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കെയ്സ് മദ്യം ഉൽപ്പാദിപ്പിക്കാൻ കഴിയും.

മൂന്നു മാസത്തിനകം ജവാന്‍റെ അര ലിറ്റർ ബോട്ടിലും ജവാൻ പ്രീമിയവും പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്. ജവാന്‍റെ ഒരു ലിറ്റർ കുപ്പിയാണ് ഇപ്പോൾ വിപണിയില്‍ ലഭിക്കുന്നത്. നിലവിൽ വിൽപ്പനയിലുള്ള ഒരു ലിറ്റ‌ർ ജവാൻ റമ്മിന് 640 രൂപയാണ് വില. ജവാന്‍റെ ഉല്‍പാദനം കൂട്ടുന്നത് കൂടുതല്‍ വരുമാന നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ബെവ്കോ.