സി ദിവാകരന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; ജസ്റ്റിസ് ശിവരാജന്‍റെ സാമ്പത്തിക വളര്‍ച്ച അന്വേഷിക്കണം: എംഎം ഹസന്‍

Saturday, June 3, 2023

 

തിരുവനന്തപുരം: ജസ്റ്റിസ് ജി ശിവരാജന്‍ കോടികള്‍ കൈക്കൂലി വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് തയാറാക്കിയെന്ന സിപിഐ നേതാവ് സി ദിവാകരന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് യുഡിഎഫ് കണ്‍വീനർ എം.എം ഹസന്‍. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുന്‍ മുഖ്യമന്ത്രിക്കെതിരായ ആരോപണം വ്യാജമാണെന്നും അതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അന്നേ ചൂണ്ടിക്കാട്ടിയിരുന്നതാണെന്ന് എം.എം ഹസന്‍ പറഞ്ഞു.  അത് സത്യമാണെന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ സിപി ഐ നേതാവ് സി ദിവാകരനിലൂടെ പുറത്തുവന്നിരിക്കുന്നത്. ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഒന്നാം പിണറായി സര്‍ക്കാര്‍ കേസെടുത്തത്. ആ റിപ്പോര്‍ട്ട് തന്നെ തട്ടിക്കൂട്ടാണെന്ന് യുഡിഎഫ് അന്നേ പറഞ്ഞിരുന്നു.

ജനപ്രിയനായ നേതാവിനെ സമൂഹമധ്യത്തില്‍ അപമാനിക്കാന്‍ ഒത്തുകളിച്ച ശക്തികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരണമെന്ന് എം.എം ഹസന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ജി ശിവരാജന്‍റെ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. ദിവാകരന്‍റെ അഭിപ്രായമായി മാത്രം ഇതിനെ തള്ളിക്കളായാനാവില്ലെന്നും എം.എം ഹസന്‍ പറഞ്ഞു.