മിന്നല്‍ “തല”; അഞ്ചാം കിരീടത്തില്‍ മുത്തമിട്ട് ക്യാപ്റ്റന്‍ കൂള്‍; അണപൊട്ടിയ ആവേശം

Jaihind Webdesk
Tuesday, May 30, 2023

തിരുവനന്തപുരം: കൊടുങ്കാറ്റ് വന്നാല്‍ പോലും ആടിയുലയാത്ത ക്യാപ്റ്റന്‍ കൂളും,  തന്‍റെ സ്വന്തം നാട്ടില്‍ അവസാന ഓവറിലും ബോളിലും അടങ്ങാത്ത ആവേശമായി ജഡേജയും. 48 മണിക്കൂറിലധികം ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഐപിഎല്‍ ആവേശ ഫൈനലിനു ശേഷം സിഎസ്കെ ഫാന്‍സിന് ഇനി ആശ്വാസത്തോടെ ഉറങ്ങാം. മഴ കളി മുടക്കിയ ആദ്യ ദിനം മുതല്‍ ആവേശം അലതല്ലിയ ഫൈനലിന്‍റെ അവസാന ബോളു വരെ നഖം കടിച്ചു പറിക്കുന്ന സസ്പെന്‍സ് ത്രില്ലറാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.

ജയവും തോല്‍വിയുമെല്ലാം  കളിയുടെ ഭാഗമാണെന്നറിയുന്ന ക്യാപ്റ്റന്‍ കൂള്‍ കളിയുടെ അവസാന ഓവറുകളില്‍ കണ്ണടച്ചിരിക്കുന്നതും  കളി കഴിഞ്ഞപ്പോള്‍ പതിവ് തെറ്റിച്ച് കണ്ണു നിറഞ്ഞതും ആരാധകര്‍ ചര്‍ച്ചയാക്കി കഴിഞ്ഞു. ധോണി മയത്തില്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്ത ഐപിഎല്‍ ഫൈനലില്‍ ധോണിയുടെ പുതിയ ഭാവങ്ങള്‍ ഓരോന്നും ട്രെന്‍ഡിങ്ങിലായിക്കഴിഞ്ഞു.

 

 

ടോസ് നേടി ഗുജറാത്തിനെ ബാറ്റിങ്ങിനയച്ചപ്പോഴും ചെന്നൈക്കാരന്‍ സായ് സുദര്‍ശന്‍റെ അസാധ്യ ബാറ്റിങ്ങ് പ്രകടനത്തിലും കുലുങ്ങാത്ത “തല”,  കളിയുടെ ആദ്യാവസാനം എന്നത്തേയും പോലെ കൂളായിരുന്നു.  എന്നാല്‍ അവസാന പന്തില്‍ ബൌണ്ടറി പായിച്ച് തോല്‍വിയില്‍ നിന്നും ചെന്നൈയെ പിടിച്ചുയര്‍ത്തിയ ജഡേജയെ കണ്ടപ്പോള്‍ ഇന്നേവരെ കാണാത്ത ധോണിയെ ഏവരും കണ്ടു.  വിതുമ്പി ജഡേജയെ തോളേറ്റിയ ധോണിയുടെ മുഖം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ അണപൊട്ടിയൊഴുകിയ സന്തോഷക്കണ്ണീര്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു. ധോണിയും ജഡേജയും തമ്മില്‍ കൊമ്പുകോര്‍ക്കുന്നുവെന്ന പ്രചാരണങ്ങളെല്ലാം തകര്‍ത്തു പെയ്ത മഴവെള്ളത്തില്‍ ഒഴുകി ഒലിച്ചു പോകുന്ന കാഴ്ച്ച.

അഞ്ചാം കിരീടത്തില്‍ ചെന്നൈയും ധോണിയും മുത്തമിടുമ്പോള്‍ ക്യാപ്റ്റന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്ന ആരാധക സംശയവും ഒറ്റയടിക്ക് തീര്‍ത്തുകൊടുത്തു തല.

“സാഹചര്യമനുസരിച്ച് ഒരു വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ കഴിയുന്ന നല്ലൊരു സമയമാണിത്.  എന്നോട് കാണിക്കുന്ന സ്നേഹത്തിന്‍റെ ആഴം നോക്കിയാല്‍ ഏറ്റവും എളുപ്പവും ഇപ്പോഴത് പറയുക എന്നതാണ്. പക്ഷെ എനിക്ക് ലഭിക്കുന്ന ഈ സ്നേഹം കണ്ടില്ലെന്ന് നടിക്കാനാവില്ല. ഒരിക്കല്‍ കൂടി ഈ ആരവങ്ങള്‍ക്കിടയില്‍ അവര്‍ കാണിച്ച സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ വന്നു നില്‍ക്കണമെന്ന് മനസ് പറുന്നു. 9 മാസം കഠിനാധ്വാനം ചെയ്ത് രു ഐപിഎല്‍ സീസണ്‍ കൂടി കളിക്കുക എന്നത് എളുപ്പമല്ല, പക്ഷെ ഈ സ്നേഹത്തിന് ഇതെങ്കിലും ഞാന്‍ തിരിച്ചു കൊടുക്കണം”- ധോണി പറഞ്ഞു.

ചടുലമായ തീരുമാനങ്ങളിലൂടെ ഏവരെയും ഞെട്ടിക്കുന്ന ധോണി കിരീടം ഏറ്റുവാങ്ങാന്‍ ചെന്നപ്പോഴും ആരാധകരെയും സഹകളിക്കാരേയും ഞെട്ടിച്ചു. ബി.സി.സി.ഐ അധ്യക്ഷൻ റോജർ ബിന്നി കീരീടം നീട്ടിയപ്പോള്‍ സിഎസ്കെയെ വിജയത്തിലെക്ക് എത്തിച്ച ജഡേജയെയും ഫൈനലില്‍ 8 ബോളില്‍ 19 റണ്‍ നേടി വിജയത്തിലേക്ക് നയിച്ച റായിഡുവിനെയും ക്ഷണിക്കുകയായിരുന്നു ധോണി. ഐപിഎല്‍ വിരമിക്കല്‍ പ്രഖ്യാപിച്ച റായിഡുവിന് ഇത് സ്നേഹം നിറഞ്ഞ യാത്രയയപ്പുമായി. അസാധ്യ പ്രകടനത്തിലൂടെ ചെന്നൈയുടെ വിജയം പിടിച്ചു വാങ്ങിയ രവാന്ദ്ര ജഡേജയ്ക്കും അഭിമാന നിമിഷമായി മാറി.

പതിനൊന്ന് ഐപിഎൽ ഫൈനൽ കളിച്ച ചെന്നൈ നായകൻ എം.എസ്.ധോണി, അഞ്ചാം തവണയാണ് കിരീടം ചൂടുന്നത്.  2010, 2011, 2018, 2021 സീസണുകളിലാണ് ഇതിനു മുൻപ് ചെന്നൈ കിരീടം നേടിയത്. ഇതോടെ  ഐപിഎലിൽ മുംബൈ ഇന്ത്യൻസിന്‍റെ അഞ്ച് കിരീടമെന്ന റെക്കോർഡിനൊപ്പമെത്തുകയും സിഎസ് കെ ചെയ്തു.