കന്നഡ മണ്ണിന്‍റെ ജനകീയ മുഖമാണ് സിദ്ധരാമയ്യ. കർണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമ്പോൾ ഈ സിദ്ധവൈഭവം നിർണായക പങ്കാണ് വഹിച്ചത്. വിശപ്പുമുക്ത കർണാടക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇന്ദിരാ ക്യാന്‍റീൻ ഉൾപ്പെടെ ജനകീയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയ സിദ്ധരാമയ്യയെ കർണാടകയുടെ രാഷ്ട്രീയ ചാണക്യൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
സാധാരണ കുടുംബത്തിൽ നിന്ന് കർണാടകയുടെ അമരത്തേക്ക് വീണ്ടും സിദ്ധരാമയ്യ എത്തുകയാണ്. കർണ്ണാടകയുടെ ഹൃദയം തൊട്ടറിഞ്ഞ നേതാവാണ് അദ്ദേഹം. സിദ്ധരാമെ ഗൗഡയുടെയും ബോരമ്മ ഗൌഡയുടെയും മകനായി ജനിച്ച സിദ്ധരാമയ്യയെ
ഒരു ഡോക്ടറായി കാണാനാണ് മാതാപിതാക്കൾ ആഗ്രഹിച്ചത്. പക്ഷേ അഭിഭാഷ ജീവിതം തെരഞ്ഞെടുത്ത അദ്ദേഹം ആകസ്മികമായാണ് രാഷ്ട്രീയത്തിലെത്തിയത്. മൈസൂർ താലൂക്കിലേക്ക് തിരഞ്ഞെടുത്തതോടെയാണ് ഇലക്ഷൻ രാഷ്ട്രീയത്തിലേക്ക് സിദ്ധരാമയ്യ പ്രവേശിക്കുന്നത്. തുടർന്ന് നിയമസഭയിലേക്ക് എത്തിയ അദ്ദേഹത്തിന് തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
മൃഗസംരക്ഷണ- മൃഗചികിത്സാ സേവന മന്ത്രി, ധനമന്ത്രി, ഉപമുഖ്യമന്ത്രി എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം 2013ൽ കർണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തി. ജനകീയതയാണ് സിദ്ധരാമയ്യ എന്ന നേതാവിനെ സർവസമ്മതനാക്കിയത്. താഴെ തട്ടിൽ വരെ ഏവരുമായും ഊഷ്മളമായ വ്യക്തിബന്ധം കാത്തു സൂക്ഷിക്കാൻ എന്നും ശ്രദ്ധചെലുത്തിയ പ്രവർത്തകരുടെ പ്രിയപ്പെട്ട നേതാവാണ് അദ്ദേഹം.
വിശപ്പ് മുക്ത കർണാടക എന്ന ലക്ഷ്യം സാധൂകരിക്കാനായി ഇന്ദിരാ ക്യാന്‍റീൻ കർണാടകയിൽ യാഥാർത്ഥ്യമാക്കിയ അദ്ദേഹം സംസ്ഥാനം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിൽ ഒരാളായിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പടയോട്ടം നടത്തിയപ്പോൾ അതിലേക്ക് നയിച്ച രാഷ്ട്രീയ തന്ത്രങ്ങൾ അണിയറയിൽ ആവിഷ്കരിക്കാന്‍ നേതൃത്വം സിദ്ധരാമയ്യ എന്ന കോൺഗ്രസ് ക്രൗഡ് പുള്ളറായിരുന്നു.
കർണാടകയിൽ ദലിത്, പിന്നാക്ക, മുസ്‌ലിം വോട്ടുകൾ കോൺഗ്രസിലേക്ക് ഏകീകരിച്ചത് പിന്നിൽ സിദ്ധരാമയ്യ മാജിക്കായിരുന്നു. കുറുംബ സമുദായക്കാരനായ അദ്ദേഹം ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും വിദ്വേഷ രാഷ്ട്രീയത്തെയും തുറന്നെതിർത്തു. ജനമനസറിഞ്ഞ നേതാവായിരുന്ന അദ്ദേഹത്തിന്‍റെ പേര് കർണ്ണാടകയിലെ അഴിമതി കഥകളിൽ നാളിതുവരെ കേട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മൈസുരു ജില്ലയിലെ വരുണ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ അദ്ദേഹം 46, 163 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിധാൻ സൗധയിലേക്കെത്തുന്നത്. ആവനാഴിയിലെ സകല അടവുകളും പയറ്റിയിട്ടും ഭരണകക്ഷിയായ ബിജെപിയെ കർണാടകയിൽ തച്ചുതകർത്ത സിദ്ധരാമയ്യ ഇനി കർണാടകയെനയിക്കും. കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രഖ്യാപിച്ച ജനകീയ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാൻ ആർജവവും കഴിവുമുള്ള നേതാവിനെയാണ് കോൺഗ്രസ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രി പദം ഏൽപ്പിക്കുന്നത്.