മലപ്പുറം താനൂർ ബോട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയാണ് യാത്ര നടത്തിയത്. ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. യുഡിഎഫ് പ്രവർത്തകർ രക്ഷാപ്രവർത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന:
മലപ്പുറം താനൂർ ഒട്ടുമ്പുറം തൂവൽതീരത്ത് വിനോദ യാത്ര ബോട്ട് അപകടത്തിൽ പന്ത്രണ്ട് പേർ മരിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ . അങ്ങേയറ്റം ദൗർഭാഗ്യകരമായ സാഹചര്യമാണിത്. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപത്തെ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കണം. അനുവദിക്കപ്പെട്ടതിലും കൂടുതൽ ആളുകൾ ബോട്ടിൽ യാത്ര ചെയ്തു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇക്കാര്യം സർക്കാർ പരിശോധിക്കണം. സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് യാത്ര നടത്തിയത് എങ്കിൽ അത് അതീവ ഗുരുതരമാണ്. യുഡിഎഫ് പ്രവർത്തകർ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് രക്ഷാ പ്രവർത്തനങ്ങളിലും ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും സജീവമായി ഇടപെടണം. ഉറ്റവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.