തിരുവനന്തപുരം: തലസ്ഥാനത്തെ കഞ്ചാവു വേട്ടയില്‍ പിടിയിലായ എസ്എഫ്ഐ പ്രവര്ത്തകന് സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സൂചന. തിരുവനന്തപുരം കണ്ണേറ്റുമുക്കിലാണ് 95 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിലായത്. ഇന്നോവ കാറിൽ കൊണ്ടുവന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. വാടകയ്ക്ക് എടുത്ത കാറിന്റെ ഉടമയ്ക്ക് തോന്നിയ സംശയമാണ് വന്‍ കഞ്ചാവ് വേട്ടയിലേക്ക് നയിച്ചത്.
വാടകയ്ക്കെടുത്ത ഇന്നോവ കാറിൽ ആന്ധ്രയിൽ നിന്നും 95 കിലോ കഞ്ചാവെത്തിച്ച നാലു പേരെയാണ് എക്സൈസ് പിടികൂടിയത്. തിരുവല്ലം പൂങ്കുളം സ്വദേശി വിഷ്ണു, നെയ്യാറ്റിൻകര സ്വദേശി അഖിൽ, തിരുവല്ലം സ്വദേശികളായ രണ്ടുപേർ എന്നിവരാണ് പിടിയിലായത്. പിടിയിലായ അഖിൽ സംസ്കൃത സർവകലാശാലയുടെ വഞ്ചിയൂർ ക്യാമ്പസിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. അഖിൽ കഞ്ചാവ് ഒളിപ്പിക്കാൻ ഒരു വാടക വീടെടുത്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം താന്‍ അരി വാങ്ങിക്കാന്‍ വന്നതാണെന്നായിരുന്നു അഖിലിന്റെ പ്രതികരണം. കഞ്ചാവ് കടത്തിയ വാഹനം കണ്ണേറ്റുമുക്കിലെത്തിയെന്ന വിവരം ലഭിച്ച സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സെമെന്റ് സ്ക്വാഡ് വാഹനം വളയുകയായിരുന്നു.
ട്രിപ്പ് പോകാനെന്ന വ്യാജേനെയാണ് തിരുവല്ലം പൂങ്കുളം സ്വദേശി വിഷ്ണു, തിരുവനന്തപുരം സ്വദേശിയിൽ നിന്നും ഇന്നോവ കാർ വാടകക്കെടുത്തത്. എന്നാല്‍ വാടകയ്ക്കെടുത്ത വാഹനം ആന്ധ്രയിലെ ഉള്‍നാടുകളിലേക്കാണ് പോയത് വാഹന ഉടമയില്‍ സംശയമുണര്‍ത്തി. ജിപിഎസ് വഴിയാണ് വാഹനത്തിന്റെ നീക്കം ഉടമ മനസിലാക്കിയത്. വാഹനത്തിന്റെ റൂട്ടില്‍ ഉടമയ്ക്കുണ്ടായ സംശയമാണ് വന്‍ കഞ്ചാവ് വേട്ടയ്ക്ക് സഹായകമായത്. ഇതേ സംഘം മുമ്പ് 50 കിലോ കഞ്ചാവും തലസ്ഥാനത്തെിച്ച് വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് കണ്ടെത്തി.