ട്രെയിന്‍ തീവെപ്പ്: ഒരാഴ്ച കഴിഞ്ഞിട്ടും ചുരുളഴിക്കാനാവാതെ കേരള പോലീസ്; കേസ് എന്‍ഐഎക്ക് കൈമാറുമോ?

Jaihind Webdesk
Sunday, April 9, 2023

 

കോഴിക്കോട്: രാജ്യത്തെ നടുക്കിയ എലത്തൂർ ട്രെയിൻ തീവെപ്പ് സംഭവം നടന്ന് ഒരാഴ്ച പിന്നീടുമ്പോഴും കേസിന്‍റെ ചുരുളഴിക്കാൻ കഴിയാതെ അന്വേഷണസംഘം. പ്രതിയെ പിടികൂടിയിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമുണ്ടാക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. സംഭവത്തിന് പിന്നിലെ നിരവധിയായ ചോദ്യങ്ങൾ ഇപ്പോഴും ചോദ്യങ്ങളായി മാത്രം അവശേഷിക്കുന്നു. പ്രതിയെ കേരളത്തിലേക്ക് എത്തിച്ചതിൽ അടക്കമുള്ള സുരക്ഷാ വീഴ്ച സംസ്ഥാന പോലീസിന് വലിയ നാണക്കേട് ഉണ്ടാക്കി.

ഇക്കഴിഞ്ഞ ഞായറാഴ്ച ഏപ്രിൽ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ തീവെപ്പ് ഉണ്ടായത്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കോഴിക്കോട് പിന്നിട്ടതോടെ രാത്രി 9.15 ഓടെ D1  കോച്ചിൽ അജ്ഞാതനായ ഒരാൾ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ തളിക്കുകയും തീ കൊളുത്തുകയുമായിരുന്നു. 9 പേർക്ക് പൊള്ളലേൽക്കുകയും ആത്മരക്ഷാർത്ഥം ട്രെയിനിൽ നിന്ന് ചാടിയ രണ്ടര വയസുകാരി ഉൾപ്പെടെ മൂന്നുപേർ മരിക്കുകയും ചെയ്തു.

സംഭവം അന്വേഷിക്കുന്നതിൽ തുടക്കം മുതലേ സംസ്ഥാന പോലീസിന് വീഴ്ചകൾ സംഭവിച്ചു. എലത്തൂരിന് സമീപം ട്രെയിനിൽ വെപ്പ് സംഭവം നടന്നതായി അറിഞ്ഞിട്ടും പരിശോധന നടത്തുന്നതിൽ പോലീസിന് വീഴ്ച പറ്റി. ഇതാണ് മൂന്നുപേരുടെ മരണവിവരം മണിക്കൂറുകൾക്ക് ശേഷം മാത്രം പുറംലോകം അറിയാൻ കാരണമായത്. പ്രതിയുടെ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് ലഭിച്ച നിർണായക തെളിവുകൾ അന്വേഷണത്തിന് തുടക്കത്തിലേതന്നെ സഹായകമായി. സംഭവശേഷം പ്രതി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പുലരുവോളം ഒളിച്ചിരുന്നിട്ടും പ്രതിക്കായി വലവീശിയ പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് മഹാരാഷ്ട്ര രത്നഗിരിയിൽ നിന്നാണ് മഹാരാഷ്ട്ര എടിഎസ് പ്രതിയെ പിടികൂടുന്നത്. എന്നാൽ പിടിയിലായ പ്രതിയും ദൃക്സാക്ഷികളുടെ സഹായത്തോടെ അന്വേഷണസംഘം വരച്ച രൂപരേഖയും തമ്മിൽ യാതൊരു സാമ്യതയും ഇല്ലാതിരുന്നത് ഏറെ വിമർശിക്കപ്പെട്ടു.

പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയിൽ നിന്നും പ്രതിയുമായി കേരളത്തിലേക്ക് വരുന്ന വഴി സുരക്ഷാപാളിച്ചയുടെ നീണ്ടനിര തന്നെ ഉണ്ടായി. സായുധരായ പോലീസിന്‍റെ സഹായമില്ലാതെ മൂന്നു പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് മൂന്നു സംസ്ഥാനങ്ങളിലൂടെ കടന്ന്
പ്രതിയുമായി 18 മണിക്കൂറിലധികം യാത്ര നടത്തിയത്. കേരള അതിർത്തി പിന്നിട്ടതോടെ വാഹനം മാറ്റുകയും വാഹനത്തിന്‍റെ ടയർ പൊട്ടുകയും എൻജിൻ തകരാറിലാവുകയും തുടർന്ന് പുലർച്ചെ ഒന്നരമണിക്കൂറോളം പ്രതിയുമായി പോലീസുകാർ പെരുവഴിയിലായ സാഹചര്യവുമുണ്ടായി. ഒടുവിൽ സ്വകാര്യ വാഹനത്തിലാണ് പ്രതിയെ കോഴിക്കോട് മാലൂർകുന്ന് പോലീസ് ക്യാമ്പിൽ എത്തിച്ചത്.

മഞ്ഞപ്പിത്തം കാരണം ഒരു ദിവസം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത പ്രതിയെ പിന്നീട് 11 ദിവസത്തേക്ക് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണ സംഘത്തിന് വിട്ടുകൊടുത്തു. വെള്ളിയാഴ്ച കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ രണ്ടു ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും കേസിൽ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടാക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. പ്രതി രണ്ടാം തീയതി ഷൊർണൂരിലെത്തിയെന്നും അടുത്ത പമ്പിൽ നിന്നും പെട്രോൾ വാങ്ങി ട്രെയിനിൽ കയറി എന്നതും മാത്രമാണ് ഇതുവരെ മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

മഹാരാഷ്ട്ര എടിഎസിന്‍റെ ഏതാനും മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലും മറ്റ് പരിശോധനകളിലും ഷാരൂഖിന് തീവ്രവാദം ബന്ധമുണ്ടെന്ന് എന്‍ഐഎയും കേന്ദ്ര ഇന്‍റലിജൻസും സ്ഥിരീകരിക്കുന്നുണ്ട്. ആക്രമണത്തിന് കേരളം തിരഞ്ഞെടുത്തതെന്തുകൊണ്ട്, ആക്രമണം ആരുടെ നിർദ്ദേശപ്രകാരം, കേരളത്തിൽ ആരുടെ പിന്തുണ ലഭിച്ചു, ആസൂത്രണം എവിടെ, ആക്രമണത്തിന്‍റെ യഥാർത്ഥ ലക്ഷ്യമെന്ത്, തുടങ്ങി തീവെപ്പ് കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കാൻ അന്വേഷണസംഘത്തിന് ദിവസങ്ങൾ പിന്നിട്ടിട്ടും സാധിച്ചിട്ടില്ല. തീവ്രവാദ സ്വഭാവം കണ്ടെത്തിയ സാഹചര്യത്തിൽ യുഎപിഎ ചുമത്തി കേസ് അന്വേഷണം എൻഐഎക്ക് കൈമാറാൻ കേരള പോലീസ് തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്.