കൊച്ചി: കടുത്ത വെയിലില്‍ പാലത്തിനടിയില്‍ വിശ്രമിച്ച യുവാവിനെ പോലീസ് മര്‍ദ്ദിച്ചതില്‍ നടപടി ആവശ്യപ്പെട്ട് യുവാവിന്‍റെ അമ്മ ഡിജിപിക്കും, സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഉമ തോമസ് എം.എല്‍.എ, ഡി.സി സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമെത്തിയാണ് റീന പരാതി നല്‍കിയത്. അന്വേഷിക്കാന്‍ അസി. കമ്മീഷണറെ ചുമതല പെടുത്തിയതായി കമ്മീഷണര്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി. സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
കഴിഞ്ഞ ദിവസമാണ് കാക്കനാട് സ്വദേശി റിനീഷിന് മര്‍ദ്ദനമേറ്റത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച് ഒ ലാത്തികൊണ്ട് കാലിനും കൈ കൊണ്ട് മുഖത്തും അടിച്ചെന്നാണ് പരാതി.
നഗരത്തിലെ ഹോട്ടലുകളിലേക്ക് ജോലിക്കാരെ നല്‍കുന്ന കമ്പനിയിലെ ജീവനക്കാരായ റെനീഷും സുഹൃത്തും തൊഴിലാളികളെ അന്വേഷിച്ച് നോര്‍ത്ത് പാലത്തിന് സമീപമെത്തുകയായിരുന്നു. കടുത്ത വെയിലായതിനാല്‍ പാലത്തിനടിയില്‍ വിശ്രമിക്കവെ യൂനിഫോമിലും മഫ്തിയിലുമെത്തിയ കസബ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയും കാര്യം തിരക്കിയപ്പോള്‍ ലാത്തി കൊണ്ട് അടിച്ചെന്നുമാണ് റെനീഷ് പറയുന്നത്.
എതിര്‍ത്തപ്പോള്‍ നാലുവട്ടം മുഖത്തടിച്ചെന്നും, പിന്നീട് ബലമായി ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചെന്നും ആരോപണമുണ്ട്. അടികിട്ടിയതിന് പിന്നാലെ ഛര്‍ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. ഇതോടെ പൊലീസ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയെന്നും യുവാവ് പറഞ്ഞു.
അതേസമയം, സംശയാസ്പദമായി കണ്ട യുവാവിനോട് രേഖകള്‍ കാണിക്കാന്‍ പറഞ്ഞപ്പോള്‍ കാണിച്ചില്ലെന്നും തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നെന്നുമാണ് പൊലീസിന്റെ വിശദീകരണം.