കൊടുങ്ങൂരില്‍ ഗജറാണി പൂരം; കൊമ്പനാനകള്‍ അടക്കിവാഴുന്ന പൂരപ്പറമ്പില്‍ തല ഉയര്‍ത്തി പിടിയനാകൾ; പുതു ചരിത്രം

Jaihind Webdesk
Saturday, April 1, 2023

കൊടുങ്ങൂർ/കോട്ടയം :കൊമ്പനാനകള്‍ അടക്കിവാഴുന്ന പൂരപ്പറമ്പില്‍ തല ഉയര്‍ത്തി പിടിയനാകൾ. സ്ത്രീ ശാക്തീകരണക്കാലത്ത് കൊടുങ്ങൂര്‍ പൂരത്തിലാണ് പുതു ചരിത്രം രചിച്ച് പിടിയാനകള്‍ പൂരത്തിനിറങ്ങുന്നത്.   കേരളത്തിലെ എണ്ണം പറഞ്ഞ ഒൻപതു പിടിയാനകൾ ഒന്നിച്ചു അണി നിരക്കുന്ന പെൺ പൂരമാണ് ഇത്തവണത്തെ ഉത്സവത്തെ വേറിട്ട് നിർത്തുന്നത്. കേരളത്തിലെ അഴകും നിലവും കൊണ്ട് ഖ്യാതി കേട്ട ഒൻപതു പിടി ആനകളെ ആണ് പൂരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിൽ 4 പൂര ദിവസത്തിൽ കേരളത്തിൽ തന്നെ ആദ്യമായി 9 പിടിയനകളെ അണി നിരത്തി ക്ഷേത്ര മൈതാനിയിൽ ഗജമേളയും ആനയൂട്ടും നടത്തും. ആട ആഭരണങ്ങൾ ഒന്നും ഇല്ലാതെ പിടിയാനകളുടെ ചന്തം ആസ്വദിക്കാൻ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആന പ്രേമികൾ എത്തും എന്നാണ് കരുതുന്നത്. ഏറെ നാളത്തെ പരിശ്രമത്തിന് ഒടുവിൽ ആണ് കേരളത്തിലെ പ്രധാന ആനകളെ ഇവിടെ അണി നിരത്താൻ കഴിയുന്നത്.

തോട്ടയ്ക്കാട് പഞ്ചാലി,ഗുരുവായൂർ ദേവി,പ്ലാത്തോട്ടം മീര,വേണാട്ടു മറ്റം കല്യാണി,തോട്ടയ്ക്കാട് കുഞ്ഞു ലക്ഷ്മി,പ്ലാത്തോട്ടം ബീന ,കുമാരനെല്ലൂർ പുഷ്പ, ഉള്ളൂർ വേപ്പിൻമൂട് ഇന്ദിര, വേണാട്ടുമറ്റം ചെമ്പകം എന്നീ ഏറെ ആരാധകർ ഉള്ള ആനകൾ ആണ് പെൺ പൂരത്തിൽ അണി നിരക്കുന്നത്. ഗജമേളയ്ക്കും, ആറാട്ട് എഴുന്നള്ളിപ്പിനുമായി വിപുലമായ ക്രമീകരണം ആണ് ക്ഷേത്രത്തിൽ ഒരുക്കുന്നത്

എല്ലാ വര്‍ഷവും പിടിയനാകളെ മാത്രം ആണ് ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിക്കാറുള്ളത്. ഇക്കുറി ആദ്യമായാണ് ഒൻപതു ആനകൾ പൂര ദിനത്തിൽ എത്തുന്നത്.