തിരുവനന്തപുരം: നെടുമങ്ങാട് സൂര്യ ഗായത്രി വധക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവ് ശിക്ഷ. തിരുവനന്തപുരം അഡീ. ജില്ലാ സെക്ഷന്‍സ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
ജീവപര്യന്തം തടവിന് പുറമെ ആറ് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 2021 ഓഗസ്റ്റ് 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹ ആലോചന നിരസിച്ചതിനാണ് നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രിയെ വീട്ടില്‍ കയറി സുഹൃത്തായിരുന്ന അരുണ്‍ കുത്തി കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഢീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസില്‍ വിധി പറഞ്ഞത്. ഭിന്ന ശേഷിക്കാരും നിസ്സഹായരുമായ മാതാപിക്കളുടെ മുന്നില്‍ വച്ചാണ് 20 വയസ്സുകാരിയായ മകളെ 33 പ്രാവശ്യം കുത്തി കൊലപ്പെടുത്തിയത്.
അമ്മ വത്സലക്കും അച്ഛന് ശിവദാസനൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യ ഗായത്രി. പുറത്ത് ശബ്ദം കേട്ട് ഗായത്രിയും അച്ഛന് ശിവദാസനും പുറത്തിറങ്ങി. പിന്നിലെ വാതില്‍കൂടി അകത്ത് കയറി അരുണ്‍ വീട്ടിനുളളില്‍ ഒളിച്ചിരുന്നു. അകത്തേക്ക് കയറിയ സൂര്യഗായത്രിയെ അരുണ്‍ ആക്രമിച്ചുവെന്നാണ് കേസ്. തടയാന്‍ ശ്രമിച്ച അച്ഛന് ശിവദാസനെ അടിച്ച് നിലത്തിട്ടു. വീട്ടിനു മുന്നിലിരുന്ന ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അമ്മയെയും അരുണ്‍ ആക്രമിച്ചു. നാട്ടുകാര്‍ പിടികൂടിയപ്പോള്‍ വിവാഹ വാദ്ഗാനം നിരസിച്ചതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അരുണ്‍ സമ്മതിച്ചു. ഈ സാക്ഷി മൊഴികള്‍ നിര്‍ണായകമായി.