‘കോഴയുടെ പങ്ക് ജോസും കൈപ്പറ്റി’; ലൈഫ് മിഷനില്‍ കുരുക്ക് മുറുക്കി സന്തോഷ് ഈപ്പന്‍റെ മൊഴി

Jaihind Webdesk
Wednesday, March 22, 2023

 

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ സിഇഒ യു.വി ജോസിന് കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ യു.വി ജോസിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ 9 മണിക്കൂറിലധികം ചോദ്യംചെയ്താണ് യു.വി ജോസിനെ വിട്ടയച്ചത്. ഈപ്പന്‍ വ്യാഴാഴ്ച വരെ ഇഡി കസ്റ്റഡിയില്‍ തുടരും. ഈപ്പനെയും യു.വി ജോസിനെയും ഒരുമിച്ചിരുത്തിയും ഇഡി ചോദ്യം ചെയ്യും.

വടക്കാഞ്ചേരി പദ്ധതിയുടെ കരാര്‍ യൂണിടാക്കിന് നല്‍കിയത് യു.വി ജോസിനും അറിവുണ്ടായിരുന്നു എന്നും കോഴയുടെ ഒരുപങ്ക് യു.വി ജോസും കൈപ്പറ്റിയിട്ടുണ്ടെന്നുമാണ് സന്തോഷ് ഈപ്പന്‍റെ മൊഴി. പദ്ധതിയുടെ ഭാഗമായി 9 കോടിയോളം രൂപ ഉദ്യോഗസ്ഥര്‍ക്ക് ഉള്‍പ്പെടെ കൈക്കൂലി നല്‍കിയെന്നാണ് സ്വപ്നയുടെ മൊഴി. നിലവില്‍ നാലരക്കോടിയുടെ കോഴിയിടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. കരാർ ലഭിക്കാൻ കോഴ നൽകിയയെന്ന് സന്തോഷ് ഈപ്പൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ലൈഫ് മിഷൻ കോഴക്കേസിലെ കള്ളപ്പണ ഇടപാടിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ ഇഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനു ശേഷമാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്‍റേത്. നേരത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം ​ശി​വ​ശ​ങ്ക​റിനെ അറസ്റ്റ് ചെയ്തിരുന്നു. കോ​ഴ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീഷണല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം ര​വീ​ന്ദ്ര​നെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു.