റായ്പുർ: കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ ആഗോള വൻ ശക്തിയായി രാജ്യത്തെ മാറ്റുമെന്ന് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച വിദേശകാര്യ പ്രമേയം. സ്വാതന്ത്ര്യാനന്തര ഭാരതത്തെ ആഗോള വൻ ശക്തിയാക്കുന്നതിൽ കോൺഗ്രസ് വഹിച്ച പങ്ക് എടുത്തു പറയുന്നതാണ് പ്രമേയം. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ ഇന്ത്യയുടെ വിദേശ നയം ലോകത്തിന് മാതൃകയായിരുന്നു. വൻ ശക്തികൾക്ക് ബദലായി അത്ര തന്നെ ശക്തമായ ചേരിചേരാ രാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാക്കി, പരസ്പര ധാരണയിലൂടെ വികസന പദ്ധതികൾ ആവിഷ്കരിക്കുന്നതായിരുന്നു അന്ന് ഇന്ത്യ കൈക്കൊണ്ട നയം. ഇതു കൂടുതൽ ശക്തമാക്കുമെന്ന് വിദേശകാര്യ പ്രമേയം പറയുന്നു.
വിദേശ ഇന്ത്യക്കാരുടെ നാനാതരത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും മുൻ യുപിഎ സർക്കാർ രൂപീകരിച്ച ഓവർസീസ് മന്ത്രാലയം പുനഃസ്ഥാപിക്കും. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല. അതേസമയം രാജ്യത്തിന്റെ അതിർത്തി സംരക്ഷണത്തിൽ വിട്ടുവീഴ്ചയുമില്ല. അതിർത്തി കടന്നെത്തുന്ന ഭീകര പ്രസ്ഥാനങ്ങളെയും അവർക്ക് സഹായം നൽകുന്ന ആഭ്യന്തര സ്രോതസുകളെയും ഒരു പഴുതും നൽകാതെ ചെറുക്കും. അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, മാലിദ്വീപ്, ശ്രീലങ്ക, മ്യാൻമർ എന്നീ അയൽ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കും. ശ്രീലങ്കയുടെ സാമ്പത്തിക തകർച്ച നേരിടാൻ ആ രാജ്യത്തെ സഹായിക്കും. എന്നാൽ പാകിസ്താനുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാൻ അവർ നിലപാടുകളിൽ മാറ്റം വരുത്തണം. ഇത്രയും വലിയ സാമ്പത്തിക തകർച്ചയ്ക്കു പിന്നിൽ അവരുടെ ഇന്ത്യാ വിരുദ്ധ സമീപനങ്ങളും കാരണമാണ്. അതിൽ നിന്നെല്ലാം പാഠം പഠിക്കാതെ പാകിസ്താന് മുന്നോട്ടു പോകാനാവില്ല. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാനുതകുന്ന പദ്ധതികളാകും കോൺഗ്രസ് ആവിഷ്കരിക്കുക.
ചൈനയുടെ കാര്യത്തിലും അതിശക്തമായ നടപടി ആവശ്യമാണ്. നിയന്ത്രണ രേഖ ശക്തവും സുതാര്യവുമായിരിക്കാൻ വേണ്ടതെല്ലാം ചെയ്യും. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അംഗത്വം ലഭിക്കുന്നതടക്കം അന്താരാഷ്ട്ര സംഘടനാ പ്രവർത്തനം ശക്തമാക്കും. നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് നവീകരിച്ചു ശക്തിപ്പെടുത്തും. ആണവ നിർവ്യാപനം, അന്തരീക്ഷ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് മുൻ നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു.