കണ്ണൂര്‍: ആകാശ് തില്ലങ്കേരിയുടെ കമന്റ് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമവുമായി ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ജിജൊ തില്ലങ്കേരി. പാര്‍ട്ടി മെമ്പറായി നില്ക്കുമ്പോള് ചെയ്യാന്‍ പാടില്ലാത്തത് ചെയ്തുവെന്നും ഇത് തിരിച്ചറിഞ്ഞാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നതെന്നും ജിജോ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.
ആകാശ് തില്ലങ്കേരിയുടെ കമന്റ് ഉയര്‍ത്തിവിട്ട വിവാദങ്ങള്‍ക്ക് പിന്നാലെ ആകാശ് തില്ലങ്കേരിക്കൊപ്പം ചേർന്ന് പാർട്ടിയിൽ ഒരു വിഭാഗത്തിന് എതിരെ വെല്ലുവിളി ഉയർത്തിയതിൽ പ്രധാനി ആയിരുന്നു ജിജൊ തില്ലങ്കേരി. ആകാശിനൊപ്പം ജിജൊ തില്ലങ്കേരിയെയും പാർട്ടി നേതൃത്വം തള്ളി പറഞ്ഞിരുന്നു. സി പി എമ്മിൻ്റെ തില്ലങ്കേരി പൊതുയോഗത്തിന് ശേഷം വിവാദങ്ങൾക്കും പരസ്പരമുള്ള പോർവിളിക്കും അയവ് വന്നിട്ടുണ്ട്. ഇതിന് ഇടയിലാണ് ജിജൊ തില്ലങ്കേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്.
ഉളുപ്പില്ലാതെ എന്ന് ആയിരംവട്ടം കേള്‍ക്കേണ്ടി വന്നാലും തെരുവിലിട്ട് പരസ്യമായി തള്ളിപ്പറഞ്ഞാലും മനസിലുള്ള ഇടത് രാഷ്ട്രീയം മാഞ്ഞ് പോകില്ലെന്നാണ് ജിജോ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നത്. ശരീരത്തില്‍ ഇന്നും ബോംബിന്റെ ചീളും പേറി നടക്കുന്നയാളാണ് താന്‍. വിമര്‍ശനങ്ങളെ ഉള്‍കൊണ്ട് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കും. പാര്‍ട്ടിക്ക് ബോധ്യം വരും വരെ കാത്തിരിക്കുമെന്നും ജിജോ തില്ലങ്കേരി പറയുന്നു. പാര്‍ട്ടിയേയും നേതാക്കളേയും അപമാനിച്ചിട്ടില്ല എന്നാണ് ജിജൊയുടെ വാദം. പ്രാദേശികമായ വിഷയത്തില്‍ ചിലര്‍ സ്ഥാനത്തിന് യോജിക്കാത്ത രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ വിമര്‍ശിച്ചതും തെറി പറഞ്ഞു എന്നതും സത്യമാണെന്നും ജിജോ തില്ലങ്കേരി കുറ്റം ഏറ്റുപറയുകയും ചെയ്യുന്നുണ്ട്.
തങ്ങളുടെ ചില പ്രവൃത്തികള്‍ മാധ്യമങ്ങള്‍ക്ക് കൊത്തിവലിക്കാനും രാഷ്ട്രീയ എതിരാളികള്‍ക്ക് ചട്ടുകമാകാനും കാരണമായതില്‍ പ്രയാസമുണ്ടെന്നും ജിജോ തില്ലങ്കേരി ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. പാർട്ടിയിൽ തിരിച്ചെത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ജിജൊ തില്ലങ്കേരിയുടെ എഫ് ബി പോസ്റ്റ് എന്നാണ് സൂചന.
ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി മാർച്ച് 1ന് തലശ്ശേരി സെഷൻസ് കോടതി പരിഗണിക്കാനിരിക്കെയാണ് ജിജോയുടെ ഫേസ് ബുക്ക് പോസ്റ്റ്.