കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ നിർണ്ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരാവാൻ സി.എം രവീന്ദ്രന് ഇ.ഡി നോട്ടീസ് നൽകി. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുകയാണ്.
ലൈഫ് മിഷന് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഇ.ഡി ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സ്വപ്നാ സുരേഷും സി.എം രവീന്ദ്രനും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശത്തിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്ന ചാറ്റുകളായതിനാലാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനുള്ള നീക്കത്തിലേക്ക് ഇ.ഡി കടക്കുന്നത്.
ഇത് രണ്ടാം തവണയാണ് ചോദ്യംചെയ്യലിന് രവീന്ദ്രനെ ഇ.ഡി. വിളിപ്പിക്കുന്നത്. 2020 ഡിസംബറില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലും 13 മണിക്കൂറോളം സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു.