‘രാജ്യം അദാനിക്ക് തീറെഴുതിയോ?’; മോദി-അദാനി ബന്ധം പറഞ്ഞ് രാഹുല്‍ ഗാന്ധി; സഭാതലത്തെ ചൂടുപിടിപ്പിച്ച് പ്രസംഗം

Tuesday, February 7, 2023

 

ന്യൂഡല്‍ഹി: അദാനി വിഷയം ലോക്സഭയില്‍ ഉയർത്തി രാഹുല്‍ ഗാന്ധി. രാജ്യം അദാനിക്ക് തീറെഴുതിയോ എന്ന് ചോദിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മിലുള്ള ബന്ധം എണ്ണമിട്ട് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ത്തന്നെ അദാനിയുമായി നരേന്ദ്ര മോദിക്ക് ബന്ധമുണ്ടായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കാനായി നിയമങ്ങളില്‍ പോലും സർക്കാർ മാറ്റങ്ങള്‍ വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭാരത് ജോഡോ യാത്രക്കിടയിൽ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങൾ ചോദിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിധേയനാണ് അദാനി. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അദ്ദേഹം ലോക്സഭയിൽ ഉയർത്തിക്കാണിച്ചു.  രാഹുല്‍ കത്തിക്കയറിയതോടെ പ്രസംഗം ഭരണപക്ഷ എം.പിമാരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി.

വിമാനത്താവളങ്ങൾ അദാനിക്ക് നൽകാനായി നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തി. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിദേശ നയത്തില്‍ മാറ്റം വരുത്തി. ബജറ്റിലെ പല പ്രഖ്യാപനങ്ങളും അദാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിലും അദാനി പ്രവർത്തിക്കുന്നു. ഇത് രാജ്യസുരക്ഷയുടെ പ്രശ്നമാണ്. രാജ്യം അദാനിക്ക് തീറെഴുതി നല്‍കിയോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്നങ്ങളും അറിഞ്ഞു. യാത്രയ്ക്കിടയിൽ തൊഴിലില്ലായ്മയ്ക്കെതിരെ പരാതിയുമായെത്തിയത് ആയിരങ്ങളാണ്. താങ്ങുവിലയുടെ കാര്യത്തിൽ സർക്കാർ കർഷകരെ കബളിപ്പിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കെതിരെ ബഹളം വെച്ച പ്രതിപക്ഷം പരാമർശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു.