പാലക്കാട്: ധോണി നിവാസികളെ വിറപ്പിച്ച ഒറ്റയാൻ പി.ടി-7 നെ ദൗത്യസംഘം പിടികൂടി. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്തായാണ് ഒറ്റയാന് സ്വൈര്യവിഹാരം നടത്തിയിരുന്നത്. വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്ന ഒറ്റയാനെ ഇന്ന് പുലർച്ചെയോടെ കണ്ടെത്തി മയക്കുവെടി വെക്കുകയായിരുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള 75 അംഗ ദൗത്യസംഘമാണ് പി.ടി – 7 നെ പിടികൂടിയത്. കാട്ടാനയെ ധോണി ഫോറസ്റ്റ് ഓഫീസില്‍ പ്രത്യേകം തയാറാക്കിയ കൂട്ടിലേക്ക് മാറ്റി.
മയക്കുവെടിയേറ്റ ആന 8 മണിയോടെ മയങ്ങുകയായിരുന്നു. ഇടതു ചെവിക്ക് താഴെ മുൻകാലിന് മുകളിലായാണ് പി.ടി- 7ന് മയക്കുവെടിയേറ്റത്. രാവിലെ 7.10നും 7.15നും ഇടയിലായിരുന്നു മയക്കുവെടി വെച്ചത്. മയങ്ങിയതിന് പിന്നാലെ കാലുകളില്‍ വടം കെട്ടി കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടി. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ ഒറ്റയാനെ ലോറിയില്‍ കയറ്റി. മുത്തങ്ങയിൽ നിന്നെത്തിച്ച വിക്രം, ഭരതന്, സുരേന്ദ്രൻ എന്നീ കുങ്കിയാനകളാണ് പി.ടി-7 നെ വരുതിയില്‍ നിർത്തിയത്. രണ്ട് കുങ്കികൾ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നിൽ നിന്ന് ഉന്തിയുമാണ് പി.ടി-7നെ ലോറിയിൽ കയറ്റിയത്.
പാലക്കാട് ധോണിയില്‍ കഴിഞ്ഞ ഏഴുമാസമായി നാശം വിതയ്ക്കുകയും പേടിസ്വപ്നവുമായിത്തീർന്ന കാട്ടാനയെ പിടികൂടിയ സന്തോഷത്തിലാണ് നാട്ടുകാർ. പ്രഭാതസവാരിക്കിറങ്ങിയ ആളെ കൊലപ്പെടുത്തുകയും കൃഷിയിടങ്ങള്‍ തകര്‍ക്കുകയും ചെയ്ത ആന ധോണി നിവാസികളുടെ ജീവിതത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. കാട്ടാനയെ പിടികൂടാന്‍ നടപടി സ്വീകരിക്കാത്തതില്‍ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
വീഡിയോ കാണാം:
https://www.youtube.com/watch?v=Z1mcR3Hc2S8