സിപിഎം നേതാവ് ഷാനവാസിന് ക്രിമിനൽ-ക്വട്ടേഷൻ-ലഹരി സംഘങ്ങളുമായി ബന്ധം; പോലീസ് റിപ്പോർട്ട്

Jaihind Webdesk
Wednesday, January 18, 2023

 

ആലപ്പുഴ: ലഹരിക്കടത്ത് കേസിൽ ആരോപണവിധേയനായ സിപിഎം നേതാവ് ഷാനവാസിന് ക്രിമിനൽ ക്വട്ടേഷൻ ലഹരി സംഘങ്ങളുമായി ബന്ധമെന്ന് പോലീസ് റിപ്പോർട്ട്. സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നതായും സമ്പത്തുണ്ടാക്കുന്നത് രാഷ്ട്രീയ പിൻബലത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. ഡിജിപിക്കും ആഭ്യന്തര വകുപ്പിനും റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം ലഹരി കടത്ത് കേസിൽ ഷാനവാസിനെയും സുഹൃത്ത് അൻസറിനെയും ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കരുനാഗപ്പള്ളി സ്റ്റേഷനിൽ വെച്ചാകും ചോദ്യം ചെയ്യൽ. ഇതിനുശേഷം ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.

ഷാനവാസിന്‍റെ വണ്ടിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ കരുനാഗപ്പള്ളിയില്‍ പിടിക്കപ്പെട്ടതോടെയാണ് ഇയാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. വാടകയ്ക്ക് കൊടുത്ത വണ്ടിയില്‍ എന്താണ് കൊണ്ടുവന്നതെന്ന് അറിയില്ലെന്ന ഷാനവാസിന്‍റെ വാദം വിലപ്പോയില്ല. പുകയിലക്കടത്തില്‍ ഉള്‍പ്പെട്ടവര്‍ ആലപ്പുഴക്കാരാണെന്നതും അറസ്റ്റിലായയാള്‍ ഷാനവാസിന്‍റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ വീഡിയോ പുറത്തുവരികയും ചെയ്തതോടെ ഷാനവാസിന്‍റെ വാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായി.

ഷാനവാസിനെ ഉടന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്ന് ഏതാനും പേര്‍ നിലപാടെടുത്തെങ്കിലും സംരക്ഷണകവചം തീർത്ത് മറുവിഭാഗം രംഗത്തെത്തി.  മുമ്പ് മറ്റൊരു നേതാവിനെതിരേ ആരോപണമുയര്‍ന്നപ്പോള്‍ രണ്ടംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത് ചൂണ്ടിക്കാട്ടിയാണ് എതിർ വിഭാഗം ഇതിനെ എതിര്‍ത്തത്. ഷാനവാസിനെതിരെ തെളിവില്ലെന്നും കമ്മീഷനെ വെച്ച് അന്വേഷിക്കണമെന്നും മന്ത്രി സജി ചെറിയാനും നിലപാടെടുത്തു. ഇതോടെ ജി. ഹരിശങ്കറെ കണ്‍വീനറായും കെ.എച്ച്. ബാബുജാനെയും ജി. വേണുഗോപാലിനെയും അംഗങ്ങളുമായി മൂന്നംഗ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ഷാനവാസിനെക്കൂടി വിളിച്ചുവരുത്തി വിശദീകരണം കേട്ടശേഷമാണ് സെക്രട്ടേറിയറ്റ് ഈ തീരുമാനത്തിലെത്തിയത്.

തുടരെയുണ്ടാകുന്ന വിവാദങ്ങളില്‍ പ്രതിസന്ധിയിലാണ് ആലപ്പുഴയിലെ സിപിഎം. ഒരു ഏരിയാ കമ്മിറ്റിയംഗം ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങളാണ് ആദ്യം വിവാദമായത്. പിന്നാലെ കുട്ടനാട്ടിലെ പാര്‍ട്ടിയില്‍ തുടരെ രാജിയുണ്ടായി. ഇതിന്‍റെ അലയൊലികള്‍ അടങ്ങും മുമ്പാണ് ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസ് ലഹരി വിവാദത്തില്‍ ഉള്‍പ്പെടുന്നത്. നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ വിവിധ സംഘടനകളുടെ ലഹരിവിരുദ്ധ പരിപാടികള്‍ എ ഷാനവാസ് ഉദ്ഘാടനം ചെയ്തിരുന്നു. എന്‍ജിഒ യൂണിയന്‍ അടുത്തിടെ നടത്തിയ ലഹരിക്കെതിരായ ജാഗ്രതാസദസ് ഉദ്ഘാടനം ചെയ്തതും ഷാനവാസായിരുന്നു.