വയനാട് : കടുവയുടെ ആക്രമണത്തിൽ മതിയായ ചികിത്സ കിട്ടാതെ കർഷകന് ജീവൻ നഷ്ടപ്പെട്ട സംഭവം വേദനജനകമെന്ന് രാഹുല്‍ ഗാന്ധി. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മാനന്തവാടി പുതുശ്ശേരിയിലെ കർഷകൻ തോമസ് പി സി, മതിയായ ചികിത്സ കിട്ടാതെ മരിച്ച സാഹചര്യത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ഏത് അടിയന്തിര സാഹചര്യവും നേരിടുന്നതിന് സുസ്സജ്ജമാക്കാൻ അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു.
‘ഞാൻ അനുശോചനം അറിയിച്ച് സംസാരിച്ചപ്പോൾ കൊല്ലപ്പെട്ട ശ്രീ തോമാസ് പി സിയുടെ സഹോദരൻ ശ്രീ ബൈജു മാസ്റ്ററും ഊന്നിപ്പറഞ്ഞത് വയനാട്ടിൽ സുസജ്ജമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിരുന്നെങ്കിൽ അദ്ദേഹത്തതിന്‍റെ സഹോദരന് ജീവൻ നഷ്ടപ്പെട്ടില്ല എന്നായിരുന്നു. അദ്ദേഹത്തിന്‍റെ ദാരുണമായ മരണം മനുഷ്യ- മൃഗ സംഘട്ടനത്തിന്‍റെയും മേഖലയിൽ മതിയായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിന്റെയും ആത്യന്തിക നഷ്ടം എത്ര ഭീമമാണ് എന്ന് കാണിക്കുന്നു. ഈ ദാരുണ സംഭവം വയനാട്ടിലെ ജനങ്ങൾ സുസജ്ജമായ ഒരു മെഡിക്കൽ കോളേജ് എത്രയും പെട്ടെന്ന് അർഹിക്കുന്നു എന്ന കാര്യം ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു. അടിയന്തിര ചികിത്സ ആവശ്യമുള്ള ഗുരുതരമായ കേസുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കുന്നത് ഇപ്പോഴും തുടരുകയാണ്. വലിയൊരു വിഭാഗം ഈ നീണ്ട യാത്ര അതിജീവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സാഹചര്യത്തിൽ, വയനാട് മെഡിക്കൽ കോളേജിന്‍റെ അപര്യാപ്തതകൾ പരിഹരിച്ച് ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സുസജ്ജമാക്കുന്നതിന് സാധ്യമായ എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും. ദാരുണമായി കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വയനാട്ടിലെ മനുഷ്യ-മൃഗ സംഘട്ടനങ്ങൾ കുറയ്ക്കുന്നതിന് വേണ്ട അനുയോജ്യമായ നടപടികൾ സ്വീകരിക്കണം എന്നും ഈ ഇടപെടലുകൾക്ക് എന്റെ എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നുവെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ രാഹുൽ ഗാന്ധി എം പി കൂട്ടിച്ചേർത്തു.