തൃശൂര്‍: സേഫ് ആന്റ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീൺ റാണയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തൃശൂർ അഡീഷണൽ സെഷൻസ് കോടതിയുടെതാണ് നടപടി. ഈ മാസം 27 വരെ ഇയാൾ വിയൂർ ജയിലിൽ തുടരും . മറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും .
പ്രവീൺ റാണ 100 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് റിമാൻന്റ് റിപ്പോർട്ട് പറയുന്നത്. പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ ആദ്യം കേസ് എടുത്തത്. ഒരു ലക്ഷം രൂപയാണ് ഹണിയിൽ നിന്നും നിക്ഷേപമായി സ്വീകരിച്ചത്. മാസം 2000 രൂപ വീതം നൽകാമെന്നായിരുന്നു വാഗ്ദാനം. അല്ലെങ്കിൽ 5 വർഷത്തിനു ശേഷം നിക്ഷേപിച്ച പണവും രണ്ടര ലക്ഷം പലിശയും നൽകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതേ രീതിയിൽ നിരവധി പേരിൽ നിന്നും പണം നിക്ഷേപമായി സ്വീകരിച്ചു. ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ തൃശൂർ ജില്ലയിൽ മാത്രം 34 കേസുകൾ പ്രവീൺ റാണക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റു ജില്ലകളിലും കേസുകളുണ്ട്. 11 സ്ഥാപനങ്ങളാണ് ഇയാളുടെ ഉടമസ്ഥതയിലുള്ളത്. ഇവിടങ്ങളിൽ പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിയെടുത്ത പണം പബുകളുടെയും സ്പാകളുടെയും ബിസിനസിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ആഡംബര ജീവിതത്തിനും വാഹനങ്ങൾ വാങ്ങുന്നതിനും സിനിമാ നിർമാണത്തിനും വൻ തുക ചിലവഴിച്ചുവെന്നും പ്രവീൺ റാണ മൊഴി നൽകിയിട്ടുണ്ട്.
റിമാൻഡിലായ റാണ ഈ മാസം 27 വരെ വിയ്യൂർ ജയിലിൽ തുടരും . മറ്റ് നടപടികൾ പൂർത്തിയായ ശേഷം ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.