തിരുവനന്തപുരം: റിസോർട്ട് വിവാദത്തിന് പിന്നാലെ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഇ.പി ജയരാജൻ. വെള്ളിയാഴ്ചത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇ.പി പങ്കെടുക്കില്ല. ആരോഗ്യപ്രശ്‌നങ്ങളെന്നാണ് വിശദീകരണം. എന്നാല്‍ അതേദിവസം കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.
സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജന്‍ കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇ.പി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എല്‍ഡിഎഫ് അന്തരീക്ഷം കലുഷിതമായത്. പി ജയരാജന്‍റെ ആരോപണത്തില്‍ ഇ.പിക്ക് കടുത്ത അതൃപ്തിയുണ്ട്. സംഭവം വിവാദമായതോടെ ഇടതുമുന്നണി കണ്‍വീനർ സ്ഥാനം ഒഴിയാന്‍ ഇ.പി സന്നദ്ധത അറിയിക്കുകയായിരുന്നു. പാർട്ടി പദവികളും ഒഴിയാൻ തയാറാണെന്ന് അറിയിച്ചതായും സൂചനയുണ്ട്.
മൊറാഴയിലെ വിവാദ റിസോർട്ടിൽ ഇ.പി ജയരാജന് സാമ്പത്തിക ഇടപാടുണ്ടെന്നായിരുന്നു പി ജയരാജന്‍റെ ആരോപണം. പാർട്ടിയുടെ താൽപര്യത്തിൽനിന്നും നാടിന്‍റെ താൽപര്യത്തിൽനിന്നും വ്യതിചലിക്കുന്നവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്നും പി ജയരാജന്‍ കഴിഞ്ഞദിവസം തുറന്നടിച്ചു. റിസോര്‍ട്ടിന്‍റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇ.പി ജയരാജന്‍റെ ഭാര്യയും മകനും അംഗമാണെന്ന രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
2014 ലാണ് അരോളിയിൽ ഇ.പി ജയരാജന്‍റെ വീടിനോട് ചേർന്നുള്ള കടമുറിക്കെട്ടിടത്തിന്‍റെ വിലാസത്തിൽ 3 കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി റജിസ്റ്റർ ചെയ്തത്. അതേസമയം ആരോപണത്തില്‍ അന്വേഷണം ഉണ്ടായാല്‍ സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭയും പ്രതിസ്ഥാനത്താകും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ഭാര്യ പി.കെ ശ്യാമള നഗരസഭ അധ്യക്ഷയായിരുന്ന സമയത്താണ് റിസോർട്ടിന് അനുമതി നൽകിയത്. കുന്ന് ഇടിച്ചുനിരത്തുന്നതിൽ ശാസ്ത്ര സാഹിത്യ പരിഷത് അടക്കം പരാതി നൽകിയിട്ടും അനുമതി നല്‍കിയത് ഉന്നതബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയാണെന്ന് ആക്ഷേപമുണ്ടായിരുന്നു.