കൊച്ചി: കുര്‍ബാന തര്‍ക്കം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വീണ്ടും സംഘര്‍ഷം. രാപ്പകല്‍ ആരാധന നടന്ന പള്ളിയില്‍ വൈദികര്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ എതിര്‍പക്ഷം അള്‍ത്താരയില്‍ കയറി സംഘര്‍ഷമുണ്ടാക്കുകയും ബലിപീഠവും മേശയും തള്ളിമാറ്റി. വിളക്കുകളും മറ്റും മറിച്ചിട്ടു. ഇതിനിടെയിലും വൈദികര്‍ കുര്‍ബാന തുടരുകയാണ്. തിരുവോസ്തി കയ്യില്‍ എടുത്തുപിടിച്ചാണ് വൈദികര്‍ കുര്‍ബാന അര്‍പ്പിക്കുന്നത്. ഇന്നു രാവിലെ 10 മണിയോടെയാണ് വീണ്ടും സംഘര്‍ഷാവസ്ഥ ഉണ്ടായത്. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് പോലീസ് നടപടി. ഇരുപക്ഷത്തെയും പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ബലപ്രയോഗത്തിലേക്ക് കടക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ലെന്നും പോലീസ് പറയുന്നു. ക്രമസമാധാന വിഷയമുണ്ടായാല്‍ ഇടപെടും. പള്ളിയിലെ സംഘര്‍ഷം ഒഴിവാക്കും. പള്ളി പൂട്ടില്ല. ഡിസിപിയുമായി ചര്‍ച്ച നടത്തിയിട്ട് പരിഹാരമുണ്ടായില്ലെങ്കില്‍ കൂടുതല്‍ നടപടി എടുക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും പോലീസ് പറഞ്ഞു.