കൊച്ചി: രാഷ്ട്രീയ കേരളം ഒന്നടങ്കം വിതുമ്പിയ നിലപാടുകളുടെ രാജകുമാരൻ പി.ടി തോമസ് വിടവാങ്ങിയിട്ട് ഇന്ന് ഒരു വർഷം. ഡിസംബറിന്‍റെ തണുപ്പിൽ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടം സമ്മാനിച്ച് കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞ ധീര പോരാളിയുടെ ജ്വലിക്കുന്ന ഓർമ്മകൾ ഒരു കെടാവിളക്കായി ഇന്നും മനസിൽ സൂക്ഷിക്കുകയാണ് ഓരോ കോൺഗ്രസുകാരനും.
സഹജീവി ബോധത്തിന്‍റെയും കാപട്യമില്ലാത്ത സമീപനത്തിന്‍റെയും കറപുരളാത്ത ആത്മബന്ധത്തിന്‍റെയും സ്നേഹവായ്പ്… പി.ടി തോമസ്. തന്‍റെ ഉറച്ച ബോധ്യങ്ങൾക്ക് വേണ്ടി കലഹിക്കാൻ മടിയില്ലാത്ത, ആരുടെ മുന്നിലും ആത്മാഭിമാനം പണയം വെക്കാൻ തയാറില്ലാത്ത മറയില്ലാത്ത ആ പൊതു ജീവിതം ഒരു ദീപ്ത മാതൃകയാണ്. നിലപാടുകളുടെ ആ സൂര്യതേജസ് ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. പ്രകൃതിയേയും മനുഷ്യനെയും സ്നേഹിച്ച പി.ടി രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് എന്നും പഠിക്കാൻ കഴിയുന്ന സർവകലാശാലയാണ്.
പി.ടി ഉയര്‍ത്തി പിടിച്ച മതേതര നിലപാടുകൾ രാഷ്ട്രീയ കേരളത്തിന് അദ്ദേഹത്തെ കൂടുതൽ പ്രിയങ്കരനാക്കി. അർബുദം ശരീരത്തെ കാർന്നുതിന്നാൻ തുടങ്ങിയപ്പോഴും പി.ടി ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. അവരുടെ ഏത് വിഷയങ്ങളിലും ഓടി എത്തുന്ന ജനപ്രതിനിധിയായി, രാഷ്ട്രീയ നേതാവായി. രാഷ്ട്രീയ കേരളം ഒന്നടങ്കം തേങ്ങിയ അന്ത്യയാത്രയിലും തന്‍റെ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് പി.ടി മടങ്ങിയത്. പരിചയപ്പെടുന്നവരെയെല്ലാം സ്നേഹത്തിന്‍റെ മാന്ത്രിക കണ്ണിയിൽ കോർത്തെടുത്ത് സൂക്ഷിക്കുന്ന അപൂർവം രാഷ്ട്രീയ നേതാക്കളിൽ ഒരാളെയാണ് രാഷ്ട്രീയ കേരളത്തിന് പി.ടി തോമസിന്‍റെ വേർപാടിലൂടെ നഷ്ടമായത്. മതത്തിന്‍റെ വേലിക്കെട്ടുകൾ ഇല്ലാതെ പച്ച മനുഷ്യനായി രവിപുരം ശ്മശാനത്തിലെ അഗ്നിനാളത്തിലേക്ക് പി.ടി ആഴ്ന്നിറങ്ങി ഒരു വർഷം തികയുമ്പോഴും അദ്ദേഹം ഉയർത്തിപ്പിടിച്ച നിലപാടുകൾ എന്നും കത്തിജ്വലിച്ച് നിൽക്കുന്ന അഗ്നി നക്ഷത്രമായി ഓരോ കോൺഗ്രസുകാരനും ആവേശം പകരുകയാണ്.