ബഫര്‍ സോണില്‍ മാനുവല്‍ സര്‍വെ നടത്തണം; സര്‍ക്കാര്‍ നാടകം കളിക്കുന്നു: വി.ഡി സതീശന്‍

Jaihind Webdesk
Wednesday, December 21, 2022

 

തിരുവനന്തപുരം: ബഫർ സോണില്‍ നാടകം കളിക്കാതെ സർക്കാർ മാനുവല്‍ സര്‍വേ നടത്താന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുപ്രീം കോടതി വിധി വന്ന് ആവശ്യത്തിന് സമയം ഉണ്ടായിരുന്നിട്ടും കൃത്യമായ സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല. പഴയ റിപ്പോർട്ടുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് സർക്കാരിന്‍റെ തീരുമാനം. പഴയ റിപ്പോര്‍ട്ട് നല്‍കാതെ സുപ്രീം കോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

ബഫര്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍വെ നടത്തി, വേണമെങ്കില്‍ ഉപഗ്രഹ സര്‍വെ കൂടി നടത്തി മൂന്ന് മാസത്തിനുള്ളില്‍ കൃത്യമായ വിവരം നല്‍കാനാണ് ജൂണ്‍ മൂന്നിന് പുറപ്പെടുവിച്ച വിധിയില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിധി വന്നതിന് ശേഷം സമയമുണ്ടായിരുന്നിട്ടും സര്‍വേ നടത്തിയില്ല. പുതിയ വിവരങ്ങള്‍ക്ക് പകരം 2020 -21 ല്‍ നടത്തിയ സര്‍വെയിലെ വിവരങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കുന്നത്. പുതിയ സര്‍വെ നടത്താന്‍ നിര്‍ദേശിച്ചിട്ട് പഴയ സര്‍വെ റിപ്പോര്‍ട്ടുമായി ചെന്നാല്‍ സുപ്രീം കോടതിയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ?

2020 -21 മാപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ പരാതികളുണ്ടെങ്കില്‍ പറയാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയല്ല ചെയ്യേണ്ടത്. ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടുള്ള സാധരണക്കാരല്ല പരാതി നല്‍കേണ്ടത്. ബഫര്‍ സോണ്‍ ഒഴിവാക്കണമെന്ന് സര്‍ക്കാരാണ് സുപ്രീം കോടതിയില്‍ വാദിച്ച് ബോധ്യപ്പെടുത്തേണ്ടത്. പഴയ റിപ്പോര്‍ട്ട് നല്‍കാതെ സുപ്രീം കോടതിയോട് സമയം നീട്ടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ പുതിയ സര്‍വേ റിപ്പോര്‍ട്ട് നല്‍കണം. പുതിയ സര്‍വേയില്‍ ബഫര്‍ സോണില്‍ പെടുന്ന കെട്ടിടങ്ങളുടെ കൃത്യമായ കണക്കെടുക്കണം. വീടുകള്‍ ദേവാലയങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ അടക്കമുള്ള കെട്ടിടങ്ങളുടെയും കണക്കെടുക്കണം. ഇത്തരത്തില്‍ 90 ശതമാനമെങ്കിലും ശരിയായ സര്‍വെ റിപ്പോര്‍ട്ടാകണം സുപ്രീം കോടതിയില്‍ കൊടുക്കേണ്ടത്. ജനസാന്ദ്രതയും കൃഷിയിടങ്ങളുമുള്ള പ്രദേശത്തെയാണ് ബഫര്‍ സോണാക്കിയിരിക്കുന്നതെന്ന് സുപ്രീംകോടതിയെ ഈ റിപ്പോട്ടിലൂടെ ബോധ്യപ്പെടണം. അത് ബോധ്യപ്പെടുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതിന് വേണ്ടിയാണ് മാനുവല്‍ സര്‍വെ നടത്തണമെന്ന് ആവശ്യപ്പെടുന്നത്. സാധാരണക്കാരായ മനുഷ്യരെ ബാധിക്കുന്ന വിഷയമായിട്ടും സര്‍ക്കാര്‍ എന്തിനാണ് നാടകം കളിക്കുന്നത്?

ജനുവരിയില്‍ തന്നെ മാനുവല്‍ സര്‍വേ ആരംഭിക്കണം. തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യൂ വകുപ്പിന്റെ കൂടി സഹകരണത്തോടെയാകണം സര്‍വെ. വനം വകുപ്പ് മാത്രമല്ല സര്‍വെ നടത്തേണ്ടത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം തേടാമെന്ന് ഉത്തരവിലുണ്ട്. വനം മന്ത്രി ഉത്തരവ് വായിച്ച് നോക്കണം. ജനുവരിയില്‍ സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോള്‍ ഏത് റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സമര്‍പ്പിക്കാന്‍ പോകുന്നതെന്നു പോലും വ്യക്തമല്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തോടെ ആശയക്കുഴപ്പം വര്‍ധിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ ചെയ്ത തെറ്റുകളുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

മാനുവല്‍ സര്‍വെ നടത്തുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ മാസങ്ങള്‍ സമയമുണ്ടായിരുന്നിട്ടും അതിന് തയാറായില്ല. അവ്യക്തതകള്‍ നിറഞ്ഞ ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് ഓഗസ്റ്റ് 29-ന് കയ്യില്‍ കിട്ടിയിട്ടും മൂന്നര മാസം പൂഴ്ത്തി വച്ചു. വിവാദമായപ്പോഴാണ് മാനുവല്‍ സര്‍വെ നടത്തുമെന്ന് പറയുന്നത്. ഇപ്പോഴും അത് എന്ന് തുടങ്ങുമെന്നും വ്യക്തമല്ല.

കാപ്പ ചുമത്താന്‍ പൊലീസിന് അമിതാധികാരം നല്‍കുന്നതിനെ എതിര്‍ക്കും

ആര്‍ക്കെതിരെയും കാപ്പ ചുമത്താന്‍ പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ശരിയല്ല. വളരെ ശ്രദ്ധയോടെ നടപ്പാക്കാണ്ട നിയമമാണത്. ഈ സര്‍ക്കാരിന്റെ കാലത്ത് നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ കളങ്കപ്പെടുത്തുന്ന തരത്തില്‍ പലര്‍ക്കെതിരെയും കാപ്പ ചുമത്തി. സര്‍ക്കാരിന് ഇഷ്ടമില്ലാത്തവര്‍ക്ക് മീതെ ചുമത്തപ്പെടേണ്ട നിയമമല്ല കാപ്പ. പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാല്‍ നിരപരാധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കപ്പെടുന്ന സ്ഥിതിയുണ്ട്. ഇതിനെ പ്രതിപക്ഷം ശക്തിയായി എതിര്‍ക്കും.