സിഐടിയുവിന്‍റെ സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വിലക്ക്; തഴഞ്ഞത് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം വിഭാഗമെന്ന് ആക്ഷേപം

Tuesday, December 20, 2022

തിരുവനന്തപുരം:  സിഐടിയുവിന്‍റെ സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് വിലക്ക്. കോഴിക്കോട് നടന്ന പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിലാണ് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ എം.വി ഗോവിന്ദനെ പങ്കെടുപ്പിക്കാത്തത്. സെമിനാറുകളിലോ പ്രതിനിധി സമ്മേളനത്തിന്‍റെ  ഉദ്ഘാടന ചടങ്ങിലോ പൊതുസമ്മേളനത്തിലോ എം.വി ഗോവിന്ദനെ പങ്കെടുപ്പിച്ചിട്ടില്ല.

പൊതുവെ പാര്‍ട്ടി സംഘടനകളുടെ സംസ്ഥാന സമ്മേളനത്തില്‍ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രധാന ചുമതല വഹിക്കാറുണ്ട്. കാലങ്ങളായി നടന്നു വരുന്ന കീഴ്വഴക്കങ്ങള്‍ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായ കാലം വരെ തുടർന്നിരുന്നു. എന്നാൽ ഇത്തവണ എം.വി ഗോവിന്ദനെ മന:പൂർവം മാറ്റി നിർത്തിയതാണെന്ന ആരോപണങ്ങള്‍ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായി ഉയരുകയാണ്. സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം വിഭാഗമാണ് ഇതിന് പിന്നിൽ എന്നും ആക്ഷേപമുണ്ട്.  പാർട്ടിക്കുള്ളിൽ സിഐടിയു നിയന്ത്രണത്തിൽ പുതിയ ചേരി രൂപപ്പെടുന്നതിന്‍റെ  സൂചനയായാണ്  ഇതിനെ വിലയിരുത്തുന്നത്.

ഡിസംബര്‍ മാസം പത്തിന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാറിൽ പങ്കെടുത്തപ്പോൾ എം.വി ഗോവിന്ദൻ കോഴിക്കോട് ജില്ലയിൽ ഉണ്ടായിരുന്നു. എന്നാൽ അന്നും അദ്ദേഹത്തെ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. തിങ്കളാഴ്ച വൈകിട്ട് നടന്ന പൊതുസമ്മേളനത്തിലും സംസ്ഥാന സെക്രട്ടറിയെ മാറ്റി നിർത്തി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഒരുകാലത്ത് പാർട്ടിയുടെ നിയന്ത്രണം പിടിച്ചടക്കിയ സിഐടിയു ലോബി ഇടവേളയ്ക്കുശേഷം പുതിയ ചേരിയായി രൂപാന്തരപ്പെടുന്നത് വരും നാളുകളിൽ വിഭാഗീയ പ്രവർത്തനത്തിന് ആക്കം കൂട്ടും.

മാറ്റങ്ങൾ ഇല്ലാതെ സംസ്ഥാന പ്രസിഡന്‍റായി ആനത്തലവട്ടം ആനന്ദനെയും ജനറൽ സെക്രട്ടറിയായി എളമരം കരീം എംപിയെയും വീണ്ടും തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.   പി. നന്ദകുമാറാണ് ട്രഷറർ. 21 വൈസ് പ്രസിഡന്റുമാരെയും 21 സെക്രട്ടറിമാരെയും പതിനഞ്ചാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. 45 ഭാരവാഹികൾക്കു പുറമെ 170 അംഗ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ചു. ഇവരടക്കം 628 പേരടങ്ങിയതാണ് സംസ്ഥാന ജനറൽ കൗൺസിൽ.
എ.കെ ബാലൻ, സി.എസ് സുജാത, ടി.പി രാമകൃഷ്ണൻ, കെ.കെ ജയചന്ദ്രൻ, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.പി മേരി, എം.കെ കണ്ണൻ, എസ്.ശർമ, കൂട്ടായി ബഷീർ, എസ്.ജയമോഹൻ, യു.പി ജോസഫ്, വി. ശശികുമാർ, നെടുവത്തൂർ സുന്ദരേശൻ, അഡ്വ. പി. സജി, സുനിതാ കുര്യൻ, സി. ജയൻ ബാബു, പി.ആർ മുരളീധരൻ, ടി.ആർ രഘുനാഥ്, പി.കെ ശശി, എസ്.പുഷ്പലത, പി.ബി ഹർഷകുമാർ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാർ.