കൊവിഡ് വ്യാപനത്തില്‍ പകച്ച് ചൈന; രോഗികളുടെ എണ്ണത്തില്‍ 16 ഇരട്ടി വർധന

Jaihind Webdesk
Friday, December 16, 2022

 

ബെയ്ജിംഗ്: കൊവിഡ് വ്യാപനത്തിന്‍റെ പകച്ച് ചൈന. കര്‍ശനമായ സീറോ കൊവിഡ് നയത്തില്‍ അയവ് വരുത്തിയതിനു പിന്നാലെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയർന്നതായി റിപ്പോർട്ടുകള്‍. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം പതിനാറിരട്ടി ആയി വര്‍ധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ആശുപത്രികളിലും ക്ലിനിക്കുകളിലും ജനം തിങ്ങിനിറഞ്ഞിരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ആശുപത്രികളില്‍ കൊള്ളാനാകാതെ റോഡരികിലും വഴിയോരങ്ങളിലും നീണ്ട ക്യൂവാണ് കാണാനാകുന്നത്. ആശുപത്രിയ്ക്ക് പുറത്ത് കാറുകളിലും മറ്റും ഇരുത്തി രോഗികള്‍ക്ക് ഐവി ഡ്രിപ്പ് നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് പുറത്തുവിട്ടു. അതി ശക്തമായ കൊവിഡ് തരംഗത്തിനാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദമാണ് ചൈനയില്‍ പടരുന്നത്.

അതേസമയം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് തരംഗത്തെ നേരിടാന്‍ ചൈനയ്ക്ക് മൂന്ന് വർഷത്തോളം സമയം ലഭിച്ചിട്ടും സ്വീകരിച്ച നടപടികള്‍ കാര്യക്ഷമമല്ലന്ന് വിമർശനമുണ്ട്. വാക്സിനേഷന്‍ നടത്തി ജനങ്ങളെ കൊവിഡിനൊപ്പം ജീവിക്കാന്‍ തയാറെടുപ്പിക്കുന്നതിന് പകരം പൂർണമായും ലോക്ക് ഡൌണ്‍ ചെയ്യുന്ന സീറോ കൊവിഡ് നയമാണ് ചൈന സ്വീകരിച്ചത്. ഇതാണ് കാര്യങ്ങള്‍ ഗുരുതരമാക്കിയതെന്ന് വിദഗ്ധർ ഉള്‍പ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.