ക്ലാസിലെത്തിയത് മെഡിക്കല്‍ അഡ്മിഷന്‍ കിട്ടാത്തതിന്‍റെ മനോവിഷമത്തില്‍; നടപടികള്‍ അവസാനിപ്പിച്ച് പോലീസ്

Jaihind Webdesk
Monday, December 12, 2022

കോഴിക്കോട്: പ്ലസ് ടു വിദ്യാര്‍ഥിനി, കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തില്‍ പൊലീസ് നടപടികള്‍ അവസാനിപ്പിച്ചു. ക്രിമിനല്‍ കേസുകളെടുക്കാനാകില്ലെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. ആള്‍ മാറാട്ടം നടത്തുക വ്യാജ രേഖകളുണ്ടാക്കുക തുടങ്ങി കുറ്റകൃത്യങ്ങളൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ നടപടി. മെഡിക്കല്‍ അഡ് മിഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലും എംബിബിഎസ് പ്രവേശനം ലഭിച്ചെന്ന് തെറ്റുദ്ധരിപ്പിക്കാനാണ്  പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

രക്ഷിതാക്കള്‍ക്കൊപ്പം പൊലീസ് സ്റ്റേഷലിനെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്.അതേ സമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടരാനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ തീരുമാനം. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

നവംബർ 29-ാം തീയതിയാണ് ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസ് തുടങ്ങിയത്. ക്ലാസ് തുടങ്ങിയ ദിവസം മുതൽ നാലുദിവസമാണ് വിദ്യാർഥിനി ക്ലാസിലിരുന്നത്. അഞ്ചാം ദിവസം മുതൽ വിദ്യാർഥിനി ക്ലാസിലെത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർഥിനിക്ക് യോഗ്യതയില്ലെന്ന കാര്യം കോളജ് അധികൃതർ മനസിലാക്കുന്നത്.