പാലക്കാട്: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ മുഹമ്മദ് ഹക്കീമിന് ജന്മനാടിന്റെ വിട. കബറടക്കം സൈനിക ബഹുമതികളോടെ സ്വദേശമായ പാലക്കാട് ധോണിക്ക് സമീപം ഉമ്മിനി ജുമാ മസ്ജിദിൽ നടന്നു. രാവിലെ പയറ്റാംകുന്നിലെ വീട്ടിലും തുടർന്ന് ധോണി ഉമ്മിനി ഹൈസ്കൂളിലും മൃതദേഹം പൊതു ദർശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറു കണക്കിന് ആളുകൾ ധീര ജവാന് അന്തിമോപചാരം അർപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാവോയിസ്റ്റുകൾ സിആർപിഎഫ് ക്യാമ്പ് ആക്രമിച്ചത്. രണ്ടുമാസം മുമ്പാണ് ഹക്കീമിനെ ഛത്തീസ്ഗഡ് മേഖലയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചത്.