ഫിഫ വേള്‍ഡ് കപ്പ്; അഞ്ചാം ലോക കിരീടം തേടി ജർമ്മൻ പടയാളികൾ ഇന്ന് ജപ്പാനെ നേരിടും

Jaihind Webdesk
Wednesday, November 23, 2022

അഞ്ചാം ലോക കിരീടം തേടി ഹാൻസി ഫ്ലികിന്‍റെ ജർമ്മൻ പടയാളികൾ ഇന്ന് ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങും. കഴിഞ്ഞ ലോകകപ്പിൽ നേരിട്ട ആദ്യ റൗണ്ടിലെ പുറത്താവൽ എന്ന നാണക്കേട് മറക്കാൻ ലോക കിരീടം തന്നെയാവും ഇത്തവണ ജർമ്മനി ലക്ഷ്യം വെക്കുക. സ്‌പെയിൻ ഉൾപ്പെട്ട ഗ്രൂപ്പ് ഇയിൽ ജപ്പാനെ ആദ്യ മത്സരത്തിൽ നേരിടുന്ന ജർമ്മനി ഇന്ന് ജയം മാത്രം ആവും ലക്ഷ്യമിടുക. വൈകുന്നേരം 6.30 നു ഖലീഫ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ആണ് മത്സരം

തങ്ങളുടെ 20 മത്തെ ലോകകപ്പ് കളിക്കുന്ന ജർമ്മനി, നാലു തവണ ലോക കിരീടം ഉയർത്തിയ അവർ 2000 ത്തിന് ശേഷം നടന്ന അഞ്ചിൽ നാലു ലോകകപ്പുകളിലും സെമിഫൈനൽ വരെ എങ്കിലും എത്തിയിരുന്നു. ലീറോയി സാനെ പരിക്ക് കാരണം കളിക്കില്ല എന്നത് ഒഴിച്ചാൽ വലിയ ബുദ്ധിമുട്ട് ഒന്നും ജർമ്മനിക്ക് ഇല്ല. ഗോളിന് മുന്നിൽ എന്നത്തേയും വിശ്വസ്തൻ ആയ മാനുവൽ ന്യൂയറിന് ഇത് അവസാന ലോകകപ്പ് ആവും. പ്രതിരോധത്തിൽ അന്‍റോണിയോ റൂഡിഗർ, സുലെ എന്നിവർക്ക് ഒപ്പം കെഹ്റർ, ഡേവിഡ് റൗം എന്നിവർ സ്ഥാനം പിടിക്കാൻ ആണ് സാധ്യത. മധ്യനിരയിൽ ബയേണിന്‍റെ ജോഷുവ കിമ്മിഷ്, ഗോരെട്സ്ക എന്നിവർക്ക് ഒപ്പം മാഞ്ചസ്റ്റർ സിറ്റിയുടെ ഗുണ്ടോഗബി എന്നിവർ തന്നെ ഇറങ്ങും. ഏത് മത്സരവും ജർമനിക്ക് ആയി ജയിച്ചു നൽകാൻ ഈ മധ്യനിരക്ക് ആവും എന്നത് ആണ് വാസ്തവം. പരിക്ക് കാരണം ടീമിൽ ഇടം നേടാത്ത വെർണർ, റൂയിസ് എന്നിവരുടെ അഭാവത്തിലും സാനെ ഇല്ലെങ്കിലും ജർമ്മൻ മുന്നേറ്റം അതിശക്തമാണ്. ബയേണിന്‍റെ സെർജ് ഗനാബ്രിയും അവരുടെ പുതിയ യുവ താരോദയം ജമാൽ മുസിയാലയും ചെൽസിയുടെ കായ് ഹാവർട്ട്സും മുന്നേറ്റത്തിൽ ഉണ്ട്. എല്ലാവർക്കും അപ്പുറം 16 ലോകകപ്പ് മത്സരങ്ങളിൽ നിന്നു 10 ഗോളുകളും 6 അസിസ്റ്റുകളും ഉള്ള അവസാന ലോകകപ്പ് കളിക്കുന്ന തോമസ് മുള്ളർ ആവും ജപ്പാന് ഏറ്റവും വലിയ തലവേദന ആവുക. ലോകകപ്പിൽ എന്നും മുള്ളർ തിളങ്ങുന്നും ഉണ്ട്. മറുവശത്ത് പരിചയസമ്പന്നനായ യോശിദ, ആഴ്‌സണലിന്‍റെ ടോമിയാസു എന്നിവർ അടങ്ങിയ ജപ്പാൻ പ്രതിരോധത്തിന് ജർമനിയെ തടയുക എളുപ്പം ആവില്ല. മുന്നേറ്റത്തിൽ ഇടക്ക് ജർമനിയെ പരീക്ഷിക്കാൻ പോന്ന കമാദ, മിനമിനോ തുടങ്ങിയ താരങ്ങളും അവർക്ക് ഉണ്ടൻ കൂട്ടായി പൊരുതുക എന്ന ഒത്തൊരുമയോടെ കളിക്കുന്ന ജപ്പാനെ ജർമ്മനി വില കുറച്ച് കാണാൻ സാധ്യതയില്ല. പ്രത്യേകിച്ച് കഴിഞ്ഞ ലോകകപ്പിൽ മറ്റൊരു ഏഷ്യൻ ടീം ആയ ദക്ഷിണ കൊറിയയോട് പരാജയം നേരിട്ട അനുഭവം ജർമ്മനിയുടെ മുന്നിൽ ഉള്ളപ്പോൾ.