തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജനും പുതിയ കാര്‍. 35 ലക്ഷം രൂപ ഇതിനായി പാസാക്കി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാര്‍ വാങ്ങി നല്‍കുക. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് വാങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ കേരളം നീങ്ങുന്നതിനിടയിലാണ് ഈ നീക്കം. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കി.
ഈ മാസം 17 നാണ് ഇത് സംബന്ധിച്ച ഉത്തരവ് വ്യവസായ വകുപ്പ് ഇറക്കിയത്. പി ജയരാജന്‍റെ ശാരീരിക അവസ്ഥ കൂടെ പരിഗണിച്ചാണ് ഈ തീരുമാനം.
അതേസമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഈ മാസം നാലിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തന്നെ മന്ത്രി റോഷി അഗസ്റ്റിന് പുതിയ കാർ വാങ്ങാൻ തുക അനുവദിച്ചിരുന്നു. ഈ മാസം തുടക്കത്തിലാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനം വാങ്ങുന്നതിനായി 1.30 കോടി അനുവദിച്ചത്. നാലു ഇന്നോവ ക്രിസ്റ്റ വാങ്ങാനാണ് പണം അനുവദിച്ചിത്. മന്ത്രിമാരായ ജി.ആര്‍.അനില്‍, വി.എന്‍. വാസവന്‍, വി. അബ്ദുറഹിമാന്‍ , ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് എന്നിവര്‍ക്കാണ് പുത്തന്‍ ഇന്നോവ ക്രിസ്റ്റ ലഭിക്കുക. ഇതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി 2021 മെയ് മാസത്തിനുശേഷം 6.5 കോടി രൂപ ചെലവഴിച്ച് 18 പുതിയ കാറുകളാണ് വാങ്ങിയത്.