കൊച്ചി കൂട്ടബലാത്സംഗം; ഇതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷ?; സി.പി.എം നേതാക്കളുടെ ഏറാന്‍മൂളികളായി പൊലീസ് സേന മാറി; വിഡി സതീശന്‍

Saturday, November 19, 2022

കൊച്ചി : നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ പത്തൊന്‍പത്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാത്രിയിലുള്‍പ്പെടെ സജീവമായൊരു നഗരത്തിലെ പൊതുനിരത്തില്‍ മുക്കാല്‍ മണിക്കൂറോളം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായത്. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍ മാത്രമാണ് പൊലീസ് കൂട്ടബലാത്സംഗത്തെ കുറിച്ച് അറിയുന്നത്. 24 മണിക്കൂറും  പൊലീസ് നിരീക്ഷണമുള്ള കൊച്ചിയിലാണ് കൊടുംക്രൂരത അരങ്ങേറിയത്. മാരക ലഹരി വസ്തുക്കളുടെ ഉപയോഗവും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും തലസ്ഥാനമായി കൊച്ചി നഗരം മാറിക്കഴിഞ്ഞുവെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

ഇത്തരം കുറ്റകൃത്യങ്ങള്‍ അടിക്കടി ആവര്‍ത്തിക്കുമ്പോഴും ആഭ്യന്തരവകുപ്പിനും പൊലീസിനും എങ്ങനെയാണ് നിഷ്‌ക്രിയമാകാന്‍ സാധിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.  ഈ സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ആഭ്യന്തരവകുപ്പിനും പൊലീസിനും കൈ കഴുകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എ.കെ.ജി സെന്‍ററിലെ അടിമപ്പണിയും ലഹരി- ഗുണ്ടാ മാഫിയകള്‍ക്ക് വിടുപണി ചെയ്യലും സര്‍ക്കാരിന്‍റെ  ജനവിരുദ്ധ നിലപാടുകള്‍ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്തലും മാത്രമാണ് കേരള പൊലീസിന്‍റെ  ഇപ്പോഴത്തെ പണിയെന്നും  സി.പി.എം നേതാക്കളുടെ ഏറാന്‍മൂളികളായി പൊലീസ് സേന മാറിയതിന്‍റെ  ദുരന്തഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.  നമ്മുടെ മക്കള്‍ക്ക് നിര്‍ഭയരായി റോഡില്‍ പോലും ഇറങ്ങാനാകാത്ത അവസ്ഥയിലേക്ക് കേരളത്തെ മാറ്റിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇതാണോ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ച സ്ത്രീ സുരക്ഷയെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.