കോട്ടയം: മാങ്ങാനത്ത് സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പോക്സോ കേസ് ഇരകളായ 9 പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മഹിളാ സമഖ്യാ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട് നൽകി. സ്ഥാപനം അടച്ചു പൂട്ടണമെന്ന് നിർദ്ദേശമുണ്ട്. സംസ്ഥാന വനിത ശിശു വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമിന്റെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്.
തിങ്കളാഴ്ച്ചയാണ് ഒമ്പത് പെണ്‍കുട്ടികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടത്. രാത്രിയോടെ കുട്ടികള്‍ രക്ഷപ്പെട്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാര്‍ വിവരം അറിഞ്ഞത് പുലര്‍ച്ചെ അഞ്ചര മണിയോടെ മാത്രം. രക്ഷപ്പെട്ടവരില്‍ ഒരാളുടെ ബന്ധുവീട്ടില്‍ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. ഷെല്‍ട്ടറില്‍ താമസിച്ചിരുന്ന പെൺകുട്ടികളെ ഇവിടെ നിന്നും മാറ്റിയിരുന്നു. പെൺകുട്ടികൾ ഇവിടെ സുരക്ഷിതരല്ലെന്നും റിപ്പോർട്ടുണ്ട്.