പത്തനംതിട്ട : മണ്ഡലം മകരവിളക്ക് തീർത്ഥാടന കാലത്തിന് തുടക്കംകുറച്ച് ശബരിമല ക്ഷേത്രനട തുറന്നു. വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും ഇന്ന് നടന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് ഹരിവരാസനം പാടി നട അടച്ച് നിലവിലെ മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരി മലയിറങ്ങും. വൃശ്ചികം ഒന്നായ നാളെ രാവിലെ നാലുമണിക്ക് പുതിയ മേല്‍ശാന്തിയാണ് നട തുറക്കുക.
രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂർണതോതിലുള്ള തീർത്ഥാടന കാലം വരുന്നത്. കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോർഡും പ്രതീക്ഷയിലാണ്.കൊവിഡ് നിയന്ത്രണങ്ങളാൽ സന്നിധാനത്തേക്ക് ചുരുങ്ങിയ തീർത്ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി എല്ലാം സാധാരണ പോലെയാണ്.നിയന്ത്രണങ്ങളില്ലാതെ അയപ്പസന്നിധിയിലേക്ക് തീർത്ഥാടകർ എത്തും. പമ്പ സ്നാനം മുതൽ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകൾക്കൊന്നും വിലക്കില്ല.
സ്വാമി അയ്യപ്പൻ റോഡും നീലിമല പാതയും കാനന പാതകളും ദർശനത്തിനെത്തുന്നവർക്ക് ഉപയോഗിക്കാം. നിലയ്ക്കലിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം. തിരുവാഭരണ ഘോഷയാത്രക്കും തങ്ക അങ്കി ഘോഷയാത്രക്കും എരുമേലി പേട്ട തുള്ളലിനും നിയന്ത്രണങ്ങളില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതൽ ഭക്തർ സന്നിധാനത്തെത്തുമെന്നാണ് പ്രതീക്ഷ. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനകാലം പൂർത്തിയാക്കി ജനുവരി 20ന് നടയടക്കും.