തിരുവനന്തപുരം: നടുറോഡില്‍ കൃഷി വകുപ്പിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രദീപിനെ മര്‍ദിച്ച സംഭവത്തിലാണ് പ്രതികളായ അഷ്‌കറിനും സഹോദരന്‍ അനീഷിനും എതിരെ കരമന പൊലീസ് വധശ്രമത്തിന് കേസെടുത്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്ക്കും എഎസ്‌ഐയ്ക്കുമെതിരെ കഴിഞ്ഞദിവസം നടപടി എടുത്തിരുന്നു.
ഇന്നലെ രാത്രിയാണ് പ്രദീപിനെ മര്‍ദിച്ച അഷ്‌കറിനെയും സഹോദരന്‍ അനീഷിനെയും കരമന പോലീസ് കസ്റ്റഡിയിലെടുത്തത്. വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. തന്നെ മര്‍ദിച്ച രണ്ടുപേരെയും പ്രദീപ് തിരിച്ചറിഞ്ഞു. പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.സംഭവത്തില്‍ വീഴ്ച വരുത്തിയ കരമന എസ്‌ഐ സന്തുവിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്‌ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് പ്രദീപ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. ആശുപത്രിയിലേക്ക് പോകാനായിരുന്നു പൊലീസ് നിർദ്ദേശം. മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി തന്നെ വീണ്ടും സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം എസ്എച്ച്ഒയെ സമീപിച്ചുവെങ്കിലും ഒന്നും ചെയ്തില്ല. സിസിടിവി ദൃശ്യങ്ങൾ സഹിതം സംഭവം വാർത്തയായതിന് പിന്നാലെ ഇന്നലെയാണ് വധശ്രമത്തിന് കരമന പൊലീസ് കേസെടുത്തത്.