സംസ്ഥാന ഭരണം ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടും; രൂക്ഷ വിമർശനവുമായി എൻ.സി.പി മുഖ പത്രം

Jaihind Webdesk
Sunday, November 13, 2022

എറണാകുളം: ഇടതു സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻ.സി.പി മുഖ പത്രം. സംസ്ഥാന സർക്കാറിനെതിരെ കോൺഗ്രസ്  ശക്തമായ പ്രതിഷേധം ഉയർത്തുമ്പോഴാണ് ഇടതു മുന്നണിയിലെ ഘടകകക്ഷിയായ എൻ.സി.പി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.  പാർട്ടി മുഖപത്രമായ രാഷ്ട്രവാദിയിലാണ് എൻ.സി.പി സർക്കാറിനെതിരെ തുറന്നടിച്ചത്. സി.പി.എം നേതാക്കൾ നടത്തുന്ന വഴിവിട്ട പ്രവർത്തനങ്ങൾ സർക്കാറിനെ കളങ്കപ്പെടുത്തുന്നതായി എൻ.സി.പി വിമർശനമുന്നയിക്കുന്നു. സർക്കാർ വിഷയങ്ങളിൽ മുന്നണിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലന്ന് എൻ.സി.പി കുറ്റപ്പെടുത്തുന്നു. സി.പി.എമ്മിനെതിരായ ആരോപണങ്ങൾ മുന്നണിയിലെ എല്ലാ പാർട്ടികളെയും ബാധിക്കുന്നതായും എൻ.സി.പി മുഖപത്രം പറയുന്നു.

തിരുവനന്തപുരം മേയർ എഴുതിയ കത്തുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വം എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും ജനം അത് വിശ്വസിക്കില്ലെന്നും എൻ.സി.പി നേതൃത്വം സി.പി.എമ്മിനെ ഓർമപ്പെടുത്തുന്നു. സർക്കാറിൻ്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മനം മടുപ്പ് ഉണ്ടാക്കുന്നുവെന്നും ഗവർണ്ണർ സർക്കാർ പോര് കോടതിയിൽ നേരിടാതെ സർക്കാറിൻ്റെ സമയവും പ്രവർത്തകരുടെ പ്രയത്നവും ഗവർണ്ണറെ നേരിടാൻ മാത്രം ഉപയോഗിക്കുന്നത് ഉചിതമാണോ എന്ന് ചിന്തിക്കണമെന്നും എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ എഡിറ്ററായ രാഷ്ട്രവാദി സി.പി.എമ്മിനോട് ചോദിക്കുന്നുണ്ട്. തെറ്റുകൾ തിരുത്തി ജനപക്ഷ സർക്കാർ എന്ന ഖ്യാതി തിരിച്ച് പിടിക്കാൻ ശ്രമിക്കണമെന്ന് ഓർമ്മപ്പെടുത്തിയാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്.