ഇടുക്കി: മൂന്നാര്‍ വട്ടവട റോഡിലെ കുണ്ടളയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് ഒരു വിനോദസഞ്ചാരിയെ കാണാതായി. വടകര സ്വദേശി രൂപേഷിനെയാണ് കാണാതായത്. പ്രതികൂല കാലാവസ്ഥയും കാട്ടാനയുടെ സാന്നിധ്യവും മൂലം ഇന്ന് തിരച്ചില്‍ അവസാനിപ്പിച്ചു. മഴ ശക്തമായതിനാല്‍ മൂന്നാര്‍ വട്ടവട റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
മൂന്നുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിന് മുകള്‍ഭാഗത്തു നിന്നും വലിയ തോതില്‍ കല്ലും മണ്ണും ചെളിയും ഇടിഞ്ഞെത്തുകയായിരുന്നു. ടോപ്പ് സ്റ്റേഷന് സന്ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങിയ കോഴിക്കോട് വടകര നിന്നുള്ള വിനോദസഞ്ചാരസംഘത്തിന്റെ ട്രാവലര്‍ ചെളിയില്‍ പൂണ്ടു. വാഹനത്തിലുണ്ടായിരുന്നവരെ ഇറക്കിയ ശേഷം ഡ്രൈവറും കാണാതായ രൂപേഷും ചേര്‍ന്ന് ട്രാവലര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് മണ്ണും ചെളിയും പതിക്കുകയായിരുന്നു. ഡ്രൈവര്‍ ചാടി രക്ഷപെട്ടെങ്കിലും രൂപേഷിന് രക്ഷപെടാനായില്ല. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍പ്പെട്ട് വാഹനം കൊക്കയിലേക്ക് മറിഞ്ഞു.
ഒരുകിലോമീറ്റര്‍ താഴെ കിടന്ന ട്രാവലറില്‍ പരിശോധന നടത്തിയെങ്കിലും രൂപേഷിനെ കണ്ടെത്താനായില്ല. പോലീസും ഫയര്‍ഫോഴ്സും നടത്തിയ ഇന്നത്തെ തിരച്ചില്‍ കാട്ടാനയുടെ സാന്നിധ്യവും പ്രതികൂല കാലാവസ്ഥയും മൂലം അവസാനിപ്പിച്ചു. നാളെ രാവിലെ വീണ്ടും തിരച്ചില്‍ തുടരും. മണ്ണിടിച്ചിലില്‍ മൂന്നാര്‍ വട്ടവട റോഡിലുണ്ടായ ഗതാഗത തടസം പൂർണ്ണമായും നീക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം നിരോധിച്ചു.