തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ മദ്യപസംഘത്തിൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ വയോധികൻ മരിച്ചു. പുല്ലംകോണം സ്വദേശി കൃഷ്ണൻകുട്ടി നായരാണ് മരിച്ചത്. കഴിഞ്ഞ മാസം 18 നാണ് മദ്യപിക്കാൻ പണം നൽകാത്തതിന് അയല്‍വാസികളായ പ്രതികൾ 75 കാരനെ ആക്രമിച്ചത്.
മദ്യപസംഘം ചീത്ത വിളിക്കുന്നത് തടഞ്ഞ കൃഷ്ണന്‍കുട്ടി നായരെ പ്രദേശവാസികളായ ഷിബു, മനു എന്നിവർ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് മര്‍ദനമേറ്റ കൃഷ്ണൻകുട്ടിയെ ആശുപത്രിയിലാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഷിബുവിനെയും മനുവിനെയും വെഞ്ഞാറമൂട് പൊലീസ് അന്നുതന്നെ അറസ്റ്റു ചെയ്തിരുന്നു.
അക്രമം നടത്തിയ ഷിബുവിനും മനുവിനും എതിരെ ആദ്യം മനപ്പൂർപ്പമല്ലാത്ത വധശ്രമത്തിന് കേസെടുത്തിരുന്നു. പിന്നീട് അന്വേഷണത്തിന് ശേഷം കൊലപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ട് ആക്രമിച്ചതിനുള്ള വകുപ്പുകൾ കൂടി ചേർത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ നിലവിൽ റിമാൻഡ് തടവുകാരാണ്.