ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പ്രതി ഗ്രീഷ്മ. കഷായത്തില്‍ കീടനാശിനി കലക്കി നല്‍കിയതിനു മുന്‍പു ജ്യൂസില്‍ വേദനസംഹാരി ഗുളികകള്‍ അമിതമായ അളവില്‍ കലര്‍ത്തി നല്‍കിയും ഷാരോണിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. ഷാരോണിനെ എങ്ങനെ സാവധാനം വിഷം നല്‍കി കൊലപ്പെടുത്താമെന്ന് ഗ്രീഷ്മ ഇന്‍റര്‍നെറ്റില്‍ തപ്പിയിരുന്നുവെന്നും ഇതിലൂടെയാണ് ചില വേദനസംഹാരി ഗുളികകള്‍ അമിതമായ കഴിച്ചാല്‍ വൃക്കകള്‍ തകരാറിലാകുമെന്നും പിന്നീട് മരണത്തിലേക്ക് നയിക്കുമെന്നും കണ്ടെത്തിയതെന്നും ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് പുറത്തുവരുന്ന വിവരം. തമിഴ്നാട്ടില്‍ ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലുള്‍പ്പെടെ ഇന്നലെ തെളിവെടുപ്പിനായി കൊണ്ടു പോയപ്പോഴാണു റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജെ. ജോണ്‍സന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോടു ഗ്രീഷ്മ ഇക്കാര്യം പറഞ്ഞത്.
ഗ്രീഷ്മയെ കന്യാകുമാരി ജില്ലയിലെ വിവിധയിടങ്ങളിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു. മാത്രമല്ല ഗ്രീഷ്മയെ താലികെട്ടിയ ശേഷം ഇരുവരും താമസിച്ച തൃപ്പരപ്പിലെ ലോഡ്ജിലും തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. ആഗസ്റ്റ് 25 ന് വീട്ടില്‍നിന്നും ഇറങ്ങുന്നതിന് മുന്‍പ് 50 ഓളം ഗുളികകള്‍ പൊടിച്ചു കുഴച്ചു തന്‍റെ കൈവശം സൂക്ഷിച്ചിരുന്നുവെന്നാണ് ഗ്രീഷ്മ പറഞ്ഞത്.