സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വറ്റോറിയല്‍ ഗിനിയില്‍ പിടികൂടിയ ഹീറോയിക്ക് ഇഡ്യൂള്‍ കപ്പലിന്റെ നിയന്ത്രണം ഗിനിയന്‍ സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും എത് നിമിഷവും നൈജീരിയക്ക് കൈമാറാമെന്ന് കപ്പല്‍ ജീവനക്കാര്‍ പറയുന്നു. കപ്പിലിന് അടുത്ത് നൈജീരിയന്‍ നാവിക സേനയുടെ കപ്പലും ഉണ്ട്. ഇന്ത്യയുടെ അടിയന്തര ഇടപെടലും സഹായവും വീണ്ടും അഭ്യര്‍ഥിക്കുകയാണ് കപ്പല്‍ ജീവനക്കാര്‍. എക്വറ്റോറിയല്‍ ഗിനിയയില്‍ നാവികസേന തടഞ്ഞുവച്ചിരിക്കുന്ന , കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന് ഉള്‍പ്പെടെയുള്ള കപ്പല്‍ജീവനക്കാരുടെ മോചനം ഇതോടെ നീളുകയാണ്. തങ്ങളെ നൈജീരിയയ്ക്ക് കൈമാറുവാനുള്ള നീക്കം നടക്കുന്നതായും മോചനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി ഇടപെടണമെന്നാവശ്യവുമായി വിസ്മയ സഹോദരന് വിജിത് കപ്പലില്‍ നിന്നും വീഡിയോസന്ദേശമയച്ചിരുന്നു
ഇവരുടെ മോചനത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിന് എംപിമാര്‍ കത്ത് നല്‍കിയിരുന്നു. എംപിമാരായ വി ശിവദാസന്‍, എ എ റഹീം എന്നിവരാണ് കത്തയച്ചത്. ഇന്ത്യക്കാരായ ജീവനക്കാരുടെ മോചനത്തിനായി ഇടപെടുമെന്ന് തമിഴ്നാട് മന്ത്രി ജിങ്കി മസ്താനും ട്വീറ്റ് ചെയ്തു.
എംടി ഹീറോയിക് ഇടുണ്‍ എന്ന കപ്പലിലെ നാവിഗേഷന്‍ ഓഫിസര്‍ ആയ വിസ്മയയുടെ സഹോദരന് വിജിത്ത് ഉള്‍പ്പെടെ 26 പേരെയാണ് ആഗസ്റ്റ് 14 മുതല്‍ ഗിനിയയിലെ ലൂബ തുറമുഖത്ത് തടഞ്ഞുവച്ചിരിക്കുന്നത്.
3 മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും ,8 ശ്രീലങ്കന്‍ സ്വദേശികളും പോളണ്ട് ഫിലിപ്പിയന്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ഒരോ ജീവനക്കാരുമാണ് കപ്പലില്‍ ഉള്ളത്.
നൈജീരിയയിലെ എകെപിഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്ലോഡുചെയ്യുവാന് പോയ കപ്പലാണ് ഗിനിയന്‍ നാവിക കപ്പല്‍ പിടികൂടിയത്. ഇവരുടെ മോചനത്തിനായി കപ്പല്‍ ഉടമ ഫൈന്‍ അടച്ചെങ്കിലും മോചനം സാധ്യമായില്ല.