തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്‍റെ കത്ത് വിവാദത്തില്‍ പുലിവാല് പിടിച്ച് സിപിഎം. സംഭവം വിവാദമായതോടെ സിപിഎം അടിയന്തര യോഗം വിളിച്ചു. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് നാളെ വിളിച്ചു ചേർത്തിരിക്കുന്നത്. അതേസമയം കത്ത് വ്യാജമാണെന്ന് ഉറപ്പിച്ച് പറയാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍ തയാറായിട്ടില്ല.
മേയർ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന്ആനാവൂർ നാഗപ്പൻ പറഞ്ഞു. എന്നാല്‍ കത്ത് വ്യാജമെന്ന മേയറുടെ വാദത്തെ പിന്തുണയ്ക്കാന്‍ ആനാവൂർ തയാറായില്ല. മേയർ എഴുതി എന്ന് പറയപ്പെടുന്ന കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നും കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടക്കുമെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. അതേസമയം വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ പാർട്ടിക്ക് വിശദീകരണം നൽകി. വ്യാജ കത്തിനെതിരെ നിയമ നടപടി എടുക്കുമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനില്‍ ഒഴിവുള്ള തസ്തികകളിലേക്ക് മുന്‍ഗണനാക്രമം അനുസരിച്ച് സഖാക്കളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് അയച്ച ഔദ്യോഗിക കത്താണ് വിവാദമായത്. നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലേക്ക് 295 താത്ക്കാലിക ജീവനക്കാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെന്നും ഇതിലേക്ക് പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. സഖാക്കളുടെ തന്നെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചതോടെയാണ് കത്ത് പുറത്തായത്. സഖാവേ എന്ന് അഭിസംബോധന ചെയ്തുള്ള കത്ത് നവംബര്‍ ഒന്നിനാണ് അയച്ചത്. ആരോഗ്യവിഭാഗത്തിലെ ഒഴിവുകള്‍ തരംതിരിച്ച് പറയുന്ന കത്തില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടതെന്നും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയും വ്യക്തമാക്കിയിരുന്നു.