തിരുവനന്തപുരം: മ്യൂസിയം ലൈംഗികാതിക്രമ കേസില്‍ മന്ത്രി റോഷി അഗസ്റ്റിന്‍റെ പിഎയുടെ ഡ്രൈവർ സന്തോഷുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. സംഭവദിവസം പ്രതി സഞ്ചരിച്ച സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇയാൾ വാഹനം പാര്‍ക്ക് ചെയ്തിരുന്ന കവടിയാറിലും ആക്രമണം നടത്തിയ ശേഷം ഒളിച്ചിരുന്ന മ്യൂസിയം പരിസരത്തും എത്തിച്ചായിരുന്നു തെളിവെടുപ്പ്. നാളെ വൈകുന്നേരം ഇയാളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
അതിനിടെ കഴിഞ്ഞ ഡിസംബറില്‍ കുറവന്‍കോണത്ത് വെച്ച് യുവതിയെ അക്രമിച്ച കേസില്‍ പ്രതി സന്തോഷാണെന്ന റിപ്പോര്‍ട്ട് പേരൂര്‍ക്കട പോലീസ് കോടതിക്ക് നല്‍കിയിരുന്നു. കോടതിയുടെ അനുമതിയോടെ ആ കേസിലും സന്തോഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും. മ്യൂസിയം പോലീസിന്‍റെ കസ്റ്റഡി കാലാവധി കഴിഞ്ഞയുടന്‍ പേരൂര്‍ക്കട പോലീസ് സന്തോഷിനെ കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം സന്തോഷിനെതിരെ കൂടുതൽ പരാതി ഉയരുന്നുണ്ട്. ഇയാള്‍ തൊടുപുഴയിലും അതിക്രമം നടത്തിയെന്നാണ് സംശയം. സർക്കാർ ഔദ്യോഗിക യാത്രയ്ക്കിടെയാണ് അതിക്രമം നടത്തിയതെന്നാണ് സൂചന. തൊടുപുഴ പോലീസ് മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു.